Uncategorized

കളക്ടർ നൽകിയ ഉറപ്പ് പാഴായി; പ്രതിഷേധവുമായി അടിമാലി മണ്ണിടിച്ചിൽ ദുരിത ബാധിതർ

ദുരിതാശ്വാസ ക്യാമ്പ് വിടാൻ തയ്യാറാകാതെ പ്രതിഷേധവുമായി അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിൽ ദുരിത ബാധിതർ. ക്യാമ്പ് വിട്ടവർക്ക് അടിയന്തിര സഹായം ലഭിച്ചില്ലെന്ന് പരാതി. ജില്ലാ കളക്ടർ നൽകിയ ഉറപ്പ് പാഴായെന്ന് ദുരിതബാധിതർ.25 കുടുംബങ്ങളെ നേരത്തെ അവർ താമസിച്ചിരുന്ന വീടുകളിലേക്കും ബാക്കിയുള്ള മുപ്പതോളം ആളുകളെ പുനഃരധിവാസ കേന്ദ്രങ്ങളിലേക്കുമായി മാറ്റുമെന്നായിരുന്നു ജില്ലാ കളക്ടർ പറഞ്ഞിരുന്നത്. 12000 രൂപ മാസവാടകയുള്ള വീടുകൾ ദുരിത ബാധിതർക്ക് വാടകയ്ക്ക് എടുക്കാമെന്നും കളക്ടർ ഉറപ്പു നൽകിയിരുന്നു. സുരക്ഷിത സ്ഥാനം കണ്ടെത്തി സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന 25 കുടുംബങ്ങൾക്ക് പതിനായിരം രൂപ അടിയന്തിര സഹായമായി നൽകുമെന്നും കളക്ടർ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് ദുരന്ത ബാധിതർ പറയുന്നു. സഹായം പിന്നീട് ലഭ്യമാക്കുമെന്നായിരുന്നു എൻ എച്ച് എ ഐയുടെ പ്രതികരണം.

25 ഓളം വരുന്ന കുടുംബങ്ങൾ തിരികെ അവരുടെ വീടുകളിലേക്ക് തന്നെ പോയെങ്കിലും പണം അക്കൗണ്ടുകളിലേക്ക് പിന്നീട് വരുമെന്നാണ് എൻ എച്ച് എ ഐയിൽ നിന്ന് ദുരന്തബാധിതർക്ക് ലഭിച്ച മറുപടി. എന്നാൽ വീടുകൾ പൂർണമായും മണ്ണിനടിയിലായവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. തൊട്ടടുത്തുള്ള മാർ ബസേലിയസ് കോളജിലേക്ക് താത്കാലികമായി മാറി നിൽക്കാനാണ് നിർദേശം. ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്വം എൻ എച്ച് എ ഐയ്ക്കാണ് എന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പടെയുള്ളവർ ഇന്നലെ പറഞ്ഞത്. ഇനി ഒരു ഉറപ്പ് എഴുതി നൽകാതെ പിന്നോട്ടില്ലെന്നും ദേശീയപാത അധികൃതരോ, അശാസ്ത്രീയ നിർമ്മാണം നടത്തിയ കരാർ കമ്പനിയോ പ്രശ്നത്തിൽ പരിഹാരം കാണണമെന്നാണ് ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button