‘കെഎസ്ആർടിസിയുടെ കേരളപിറവി സമ്മാനം’; വോൾവോ 9600SLX ബസുകൾ വരുന്നു; സവിശേഷതകളറിയാം

കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മുന്നേറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനോപകാരപ്രദമായ നിരവധി സേവനങ്ങളാണ് കെഎസ്ആർടിസി സംസ്ഥാനത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ മറ്റൊരു ചരിത്രപരമായ മുന്നേറ്റവുമായി രംഗത്തെത്തുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയ്ക്ക് വേണ്ടി പുത്തൻപുതിയ വോൾവോ 9600SLX ബസുകൾ നിരത്തിലിറങ്ങുകയാണ്. മന്ത്രി കെ ബി ഗണേഷ് കുമാറാണ് തന്റെ ഫേസ്ബുക്കിലൂടെ കെഎസ്ആർടിസിയുടെ കേരളപിറവി സമ്മാനം എന്ന ക്യാപ്ഷനോടെ പുതുതായിറങ്ങുന്ന വോൾവോ 9600SLX ബസുകളുടെ ചിത്രങ്ങൾ പങ്കുവച്ചത്. വാഹനം കേരളത്തിലെ നിരത്തുകളിൽ ഉടൻ ഇറക്കുമെന്നും മന്ത്രി പോസ്റ്റിലൂടെ വ്യക്തമാക്കി.
യാത്രക്കാർക്ക് ഒരേസമയം വളരെ സൗകര്യപ്രദവും പ്രീമിയം അനുഭവവും നൽകുന്ന മോഡലാണ് വോൾവോ 9600SLX ബസുകൾ.
വോൾവോ എഞ്ചിൻ ഉയർന്ന ഇന്ധനക്ഷമതയുള്ളതാണ്. വോൾവോ 8-ലിറ്റർ എഞ്ചിൻ ആണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 260 kW പവർ ഔട്ട്പുട്ടോടെ മികച്ച ടോർക്കും ഡ്രൈവബിലിറ്റിയും വാഹനം നൽകുന്നു.
എബിഎസ്, ഹിൽ സ്റ്റാർട്ട് എയ്ഡ്, ഇന്റഗ്രേറ്റഡ് ഹൈഡ്രോഡൈനാമിക് റിട്ടാർഡർ, ഇലക്ട്രോണിക് വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (ഇവിഎസ്‌സി) എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റമാണ് വാഹനത്തിൽ വരുന്നത്. അതുകൊണ്ട് തന്നെ ബസിന് മികച്ച സ്ഥിരതയും നിയന്ത്രണവും ലഭിക്കുന്നു.
പ്രീമിയം ലെവലിലുള്ള ഡ്രൈവർ സീറ്റ് ആണ് വാഹനത്തിൽ വരുന്നത്. ഡ്രൈവർമാർക്ക് മെച്ചപ്പെട്ട ഡ്രൈവിംഗ് അന്തരീക്ഷം നൽകുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി എർഗണോമിക് ആയി സ്ഥാപിച്ചിരിക്കുന്ന ഡ്രൈവർ കൺസോൾ ഉൾപ്പെടെ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ മികച്ച ഡ്രൈവിംഗ് അനുഭവത്തിനായി മുഴുനീള പിൻവലിക്കാവുന്ന തരത്തിലുള്ള സൺ വിസർ, ക്വിക്ക് ആക്‌സസ് ട്രേ, പ്രകാശമുള്ള ക്യാബിൻ എന്നിവയും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി സവിശേഷമായ സംവിധാനങ്ങളുടെയുള്ള പാക്കേജോടെയാണ് പുതിയ വോൾവോ 9600 വരുന്നത്. ഇലക്ട്രോണിക് വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (EVSC), ABS, ഹൈഡ്രോളിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ് എന്നിവ ഉപയോഗിച്ച് വോൾവോ ബസ് ഡ്രൈവർമാർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര നൽകുന്നതിനായി സാധിക്കും . എമർജൻസി എക്സിറ്റ് ഡോർ, FDSS, പാനിക് ബട്ടണുകൾ, അഗ്നിശമന ഉപകരണങ്ങൾ, സീലിംഗ് ഹാച്ചുകൾ എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത്തിനും ഉപകരിക്കും.




