Uncategorized

കോഴിക്കോട് ബീച്ചിലെ ഭിക്ഷാടനം; കുട്ടികളെ കെയർ ഹോമിലേക്ക് മാറ്റും

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഭിക്ഷാടനം നടത്തുന്ന കുട്ടികളെ കെയര്‍ ഹോമിലേക്ക് മാറ്റും. പൊലീസിനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും ശിശുക്ഷേമ സമിതി നിര്‍ദേശം നല്‍കി. കുട്ടികളെ യഥാര്‍ത്ഥ രക്ഷിതാക്കളെത്തിയാല്‍ നാട്ടിലേക്ക് പറഞ്ഞയക്കും. തെരുവിലുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള കെയര്‍ഹോമുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കുന്നില്ലെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി അബ്ദുള്‍ നാസര്‍ പറഞ്ഞു.

നാടോടി കുട്ടികളെ ഉപയോഗിച്ച് ലക്ഷങ്ങള്‍ പിരിക്കുന്നത് വാര്‍ത്തയാക്കിയിരുന്നു. പിന്നാലെയാണ് നടപടി. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശ പ്രകാരം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും സിറ്റി പൊലീസ് കമ്മീഷ്ണറും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തും. കുട്ടികളെ ഭിക്ഷാടനത്തിനെത്തുന്ന വാഹനം പിടിച്ചെടുക്കും. കുട്ടികളെ കെയര്‍ ഹോമിലേക്ക് മാറ്റും. തിരിച്ചറിയല്‍ രേഖകളുമായെത്തിയാല്‍ കുട്ടികളെ നാട്ടിലേക്ക് കയറ്റിവിടുമെന്നും സിഡബ്ല്യൂസി ചെയര്‍മാന്‍ വ്യക്തമാക്കി. കുട്ടികളെ പുനരധിവസിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കെയര്‍ ഹോമുകള്‍ ആരംഭിക്കണം. നഗരത്തില്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ബീച്ചിലുള്‍പ്പെടെ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത നല്‍കിയത്. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ച കോഴിക്കോട് സര്‍വസാധാരണമാണ്. ഇവരുടെ രൂപവും ഭാവവും ഒറ്റനോട്ടത്തില്‍ ആരുടെയും കണ്ണ് നനയിക്കും. എന്നാല്‍ ഒരു ദിവസം ഈ കുട്ടികളുടെ ഭിക്ഷാടനത്തിന്റെ കളക്ഷന്‍ മൂവായിരം മുതല്‍ പതിനായിരം രൂപ വരെയാണ്. ഇതൊരു വലിയ ലോബിയാണെന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button