അതിദരിദ്രരില്ലാത്ത കേരളമായോ?; സർക്കാർ പ്രഖ്യാപനത്തിനൊരുങ്ങുമ്പോൾ അതിദരിദ്ര കുടുംബങ്ങളേറെ

കോഴിക്കോട്: രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേരളം നാളെ നടത്താനൊരുങ്ങുമ്പോഴും അതീവ ദുരിതാവസ്ഥയില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ ഇപ്പോഴുമുണ്ട്. അതിദരിദ്രര്‍ക്കായി തയ്യാറാക്കിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുളള പലരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആദിവാസി കോളനികളില്‍ അടക്കം നിരവധി പേര്‍ ദുരിതജീവിതം നയിക്കുന്പോള്‍ തിരക്ക് പിടിച്ചു നടത്തുന്ന പ്രഖ്യാപനം കേവലമായ അവകാശ വാദം മാത്രമാകുമെന്ന വിമര്‍ശനം താഴെ തട്ടിലുണ്ട്.
കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ പണിയ കോളനിയിലെ ബിന്ദു വീടിനായുളള കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സര്‍ക്കാരില്‍ നിന്ന് വീട് പാസായെന്ന അറിയിപ്പ് കിട്ടിയതോടെയായിരുന്നു താമസിച്ചിരുന്ന കൊച്ചുകൂര പൊളിച്ച് പ്ളാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡിലേക്ക് മാറിയത്. എന്നാല്‍ നിര്‍മിതി കേന്ദ്ര തുടങ്ങിയ വീട് പണി തറയില്‍ തന്നെ ഒടുങ്ങി. കരാറുകാര്‍ ഈ വഴി വരാറായി. തറയില്‍ കാട് കയറിത്തുടങ്ങി. ഇതിനിടെ കാറ്റിലും മഴയിലും തകര്‍ന്ന ഷെഡ് പല വട്ടം മാറ്റി. വീട്ടുമുറ്റം വരെയത്തുന്ന കാട്ടാനക്കൂട്ടം ഏത് നിമഷവും ഷെഡ് തകര്‍ക്കാമെന്ന ഭിതിയില്‍ ബിന്ദു ഏഴാം ക്ളാസില്‍ പഠിക്കുന്ന ഏക മകളെ പേരന്പ മുതുകാടുളള സ്വന്തം വീട്ടിലാക്കി.ഭര്‍ത്താവ് ബാബൂ വയറിന് രണ്ട് വട്ടം ശസ്തക്രിയ കഴിഞ്ഞുളള തുടര്‍ ചികില്‍സകളില്‍ ആയതിനാല്‍ മിനിക്ക് വല്ലപ്പോഴും മാത്രമെ കൂലിവേലയ്ക്ക് പോകാനാകൂ. ഇത്രയെല്ലാമായിട്ടും ബാബുവും ബിന്ദുവും സര്‍ക്കാര്‍ തയ്യാറാക്കിയ അതിദരിദ്രരുടെ പട്ടികയില്‍ ഇല്ല.
യാതൊരു വരുമാന മാര്‍ഗ്ഗങ്ങളോ വീട് ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തവരും ആഹാരത്തിനു പോലും മറ്റുളളവരെ ആശ്രയിക്കേണ്ടി വരുന്നുവരുമെല്ലാമാണ് അതിദരിദ്രരെന്നാണ് സര്‍ക്കാര്‍ മാനദണ്ഡം. ഇതുപ്രകാരം കോടഞ്ചേരി പഞ്ചായത്ത് തയ്യാറാക്കിയ പട്ടികയില്‍ 72 കുടുംബങ്ങളാണ് ഉള്‍പ്പെട്ടത്. വീടില്ലാത്ത 8 കുടുംബങ്ങള്‍ക്ക് വീടും മറ്റുളളവര്‍ക്ക് അവര്‍ നേരിടുന്ന ക്ളേശ ഘടകങ്ങള്‍ മറികടക്കാനാവശ്യമായ സഹായവും നല്‍കാനായെങ്കിലും അതീവ ദുരതത്തില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ പട്ടികയക്ക് പുറത്തുണ്ട് എന്ന യാഥാര്‍ത്ഥ്യം പഞ്ചായത്ത് ഭരണസമിതി സമ്മതിക്കുന്നു.




