എഐ വിപ്ലവത്തിനായി കൈകോര്‍ത്ത് റിലയന്‍സും ഗൂഗിളും; ഉപയോക്താക്കള്‍ക്ക് 35,100 രൂപയുടെ സൗജന്യ ഗൂഗിൾ പ്രോ സേവനങ്ങള്‍

കൊച്ചി/മുംബൈ: ഇന്ത്യയിലുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേര്‍ന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു. റിലയന്‍സിന്റെ ‘എഐ എല്ലാവര്‍ക്കും’ എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഉപഭോക്താക്കളെയും, സംരംഭങ്ങളെയും, ഡെവലപ്പര്‍മാരെയും ശാക്തീകരിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് റിലയന്‍സിന്റെ വന്‍തോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുകയും ഇന്ത്യയുടെ എഐ സൂപ്പര്‍ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റല്‍ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ജിയോ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ എഐ പ്രോ
ഗൂഗിള്‍, റിലയന്‍സ് ഇന്റലിജന്‍സുമായി ചേര്‍ന്ന്, Google Gemini-യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ Google AI Pro പ്ലാന്‍ തിരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് സൗജന്യമായി നല്‍കും.




