എലപ്പുള്ളി ബ്രൂവറി; ഒയാസിസിന് വെള്ളം നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

പാലക്കാട്: എലപ്പുള്ളിയില്‍ ഒയാസിസിന് കെട്ടിടം നിര്‍മ്മിക്കാന്‍ വെള്ളം നല്‍കാനുള്ള തീരുമാനത്തില്‍ സിപിഐഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. പഞ്ചായത്തിന് മുന്നില്‍ കോണ്‍ഗ്രസ് ഉപരോധം തീര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഒയാസിസ് കമ്പനിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ വാളയാര്‍-കോരയാര്‍ പുഴകളില്‍ നിന്നും വെള്ളം എടുക്കാന്‍ പുതുശ്ശേരി പഞ്ചായത്ത് അനുമതി നല്‍കിയത്. പുഴകളെ ആശ്രയിക്കുന്ന കര്‍ഷകരെ ബാധിക്കുമെന്ന എതിര്‍പ്പ് മറികടന്നായിരുന്നു പഞ്ചായത്തിന്റെ അനുമതിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പഞ്ചായത്തിനകത്തേക്ക് ജീവനക്കാരെയും ജനപ്രതിനിധികളെയും കയറ്റിവിടില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
പുഴകളില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ കമ്പനിക്ക് നല്‍കിയ അനുമതി റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോരയാര്‍ പുഴയ്ക്ക് സമീപം താമസിക്കുന്ന ആളുകളെക്കൂടി പങ്കെടുപ്പിച്ചാണ് കോണ്‍ഗ്രസിന്റെ ഉപരോധം.
കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളുടെ എതിര്‍പ്പ് വോട്ടെടുപ്പിലൂടെ മറികടന്നാണ് പഞ്ചായത്ത് ഭരണസമിതി കമ്പനിക്ക് വെള്ളം നല്‍കാന്‍ തീരുമാനിച്ചത്. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ മുഴുവന്‍ വെള്ളവും വാളയാര്‍-കോരയാര്‍ പുഴയില്‍ നിന്നും നല്‍കാനായിരുന്നു തീരുമാനം.




