Uncategorized

സമസ്തയിലെ സമവായം പാളി; ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഓഡിയോ സന്ദേശം പുറത്ത്

കോഴിക്കോട്: രാത്രി പുലരും മുമ്പേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ സമവായം പാളി. സമവായ ചര്‍ച്ചയിലെ തീരുമാനങ്ങളെ ചൊല്ലിയും തമ്മിലടി തുടരുകയാണ്. സമവായ ചര്‍ച്ചയിലെ വാര്‍ത്തകള്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തന്നെ തള്ളി. ഇക്കാര്യം വ്യക്തമാക്കിയുള്ള ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഓഡിയോ സന്ദേശം പുറത്തായി.

വാര്‍ഷിക സമ്മേളനത്തിന് വേണ്ടി രൂപീകരിച്ച കോര്‍ഡിനേഷന്‍ കമ്മറ്റി സബ് കമ്മിറ്റികള്‍ക്ക് മുകളില്ലന്ന് ഹമീദ് ഫൈസി പറയുന്നത് പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ കേള്‍ക്കാം. സമ്മേളന കോര്‍ഡിനേറ്ററെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് ഏഴംഗ സമിതിയെ വെച്ചതന്നും ഹമീദ് ഫൈസി വിശദീകരിക്കുന്നുണ്ട്.

ചാനലുകള്‍ക്ക് നല്‍കിയ വാര്‍ത്ത കള്ളവാര്‍ത്തയന്നും അവരുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കണമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു. അതേ സമയം വിഷയത്തില്‍ ഹമീദ് ഫൈസിയെ തള്ളി സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂല വിഭാഗം രംഗത്തെത്തി.

സബ് കമ്മറ്റികളുടെ തീരുമാനം കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് വിധേയമെന്ന് യോഗത്തില്‍ തീരുമാനിച്ചെന്ന് ലീഗ് അനുകൂലികള്‍ പറയുന്നു. സാദിഖലി തങ്ങളും ജിഫ്രി തങ്ങളും ചേര്‍ന്നെടുത്ത തീരുമാനമെന്നും അവര്‍ വിശദീകരിക്കുന്നു.

സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിനായി ഇരു വിഭാഗം നേതാക്കളെയും അണിനിരത്തി പുതിയ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ഏഴ് അംഗങ്ങള്‍ അടങ്ങുന്നതാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി. എം സി മായിന്‍ ഹാജിയാണ് ചെയര്‍മാന്‍. കെ മോയിന്‍കുട്ടിയാണ് കോര്‍ഡിനേറ്റര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button