താമരശ്ശേരിയിലെ ഫ്രഷ് കട്ട് സംഘർഷം; എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയില്‍. കൂടത്തായി സ്വദേശിയായ അമ്പാടന്‍ അന്‍സാറാണ് പിടിയിലായത്. കൂടത്തായിയിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇതോടെ താമരശ്ശേരി സംഘര്‍ഷത്തില്‍ പിടിയിലായവരുടെ എണ്ണം പതിമൂന്നായി.അതേസമയം ഫ്രഷ് കട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം നാളെയുണ്ടാകും. സംഭവത്തില്‍ ജില്ലാ തല ഫെസിലിറ്റേഷന്‍ കമ്മിറ്റി നാളെ യോഗം ചേരും. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനായി ആരംഭിക്കുന്ന പുതിയ സമിതിയില്‍ എല്ലാ രാഷ്ട്രീയ പ്രതിനിധികളെയും ഉള്‍പ്പെടുത്താനാണ് തീരുമാനം. ജില്ലാ കളക്ടര്‍ കമ്മിറ്റിയുമായി ആശയവിനിമയം നടത്തും. കൂടാതെ രാത്രി വീട് കയറിയുള്ള പൊലീസ് പരിശോധനയും പരമാവധി കുറയ്ക്കാനാണ് തീരുമാനം.
സംഭവത്തില്‍ 361 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.
സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്നര്‍ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതില്‍ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.



