മാധ്യമങ്ങളിലൂടെ അപമാനിച്ചു; ഷാഫി പറമ്പിൽ എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്

കോഴിക്കോട്: തന്റെ ഫോട്ടോ സഹിതം കാണിച്ച് വാർത്താസമ്മേളനത്തിൽ ഷാഫി പറമ്പിൽ എം പി നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി വടകര കൺട്രോൾ റൂം എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. തനിക്കെതിരെ ദുരുദ്ദേശപരവും അപകീർത്തികരവുമായ പരാമർശമാണ് എം പി നടത്തിയത് എന്നാണ് ആക്ഷേപം. എം പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി വടകര റൂറൽ എസ് പിക്കാണ് അഭിലാഷ് അപേക്ഷ നൽകിയത്.
സംഘർഷത്തിനിടെ അഭിലാഷ് ഡേവിഡാണ് തന്നെ മർദിച്ചതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രധാന ആരോപണം. വാർത്താസമ്മേളനത്തിൽ പേരെടുത്ത് പറഞ്ഞ ഷാഫി പറമ്പിൽ, പാർട്ടിക്ക് വേണ്ടി ക്വട്ടേഷൻ പണിയാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിക്കാനുള്ള സിഐയുടെ അപേക്ഷ എസ്പി, ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. നടപടിക്രമം പാലിച്ച് അനുമതി ലഭിച്ച ശേഷം മാത്രമേ ഉദ്യോഗസ്ഥന് നിയമനടപടിയിലേക്ക് കടക്കാൻ സാധിക്കൂ.
തന്നെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് ഷാഫി പറമ്പിൽ എം പി ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. പേരാമ്പ്ര സംഘർഷ സമയത്ത് തന്നെ ആസൂത്രിതമായി ആക്രമിക്കാൻ ശ്രമം നടന്നെന്നും അതിന് നേതൃത്വം നൽകിയതും തന്നെ അടിച്ചതും ഈ ഉദ്യോഗസ്ഥനാണെന്നുമാണ് എംപി ആരോപിച്ചത്. അഭിലാഷ് ഡേവിഡിനെ കൃത്യവിലോപത്തിന് നേരത്തെ സർവിസിൽ നിന്നും പുറത്താക്കിയതാണെന്നും ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമാണ് വീണ്ടും സർവീസിലേക്ക് തിരികെ കയറ്റിയത്. ഇയാൾ അത്ര നല്ല ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥനല്ല. ദുരുദ്ദേശപരമായിട്ടാണ് ഇത്തരം ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിലേക്ക് കൊണ്ടുവന്നതെന്നും എം പി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പിന്നീട് എംപി പരാതി നൽകുകയും ചെയ്തിരുന്നു.




