കെഎസ്ആര്‍ടിസി CITU സമരം: ‘മാറ്റിനിർത്തപ്പെട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നതാണ് ആവശ്യം’; ടി പി രാമകൃഷ്ണൻ

മാറ്റിനിർത്തപ്പെട്ട താൽക്കാലിക വിഭാഗം ജീവനക്കാരെ ഉടൻ തിരിച്ചെടുക്കുകയാണ് ആവശ്യമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. KSRTEA CITU യൂണിയൻ്റെ സംസ്ഥാനതല പ്രക്ഷോഭം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താല്‍ക്കാലിക ജോലിയിൽനിന്ന് മാനേജ്മെൻ്റ് തൽക്കാലം ഒഴിവാക്കിയ ജീവനക്കാര്‍ അഭാവം Ksrtcയെ ബാധിക്കില്ലെന്നാണ് മാനേജ്മെൻ്റിൻ്റെ വാദമെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ വിശ്വാസത്തിൽ എടുക്കണമെന്നാണ് മാനേജ്മെൻ്റിനോട് തനിക്ക് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ നിലപാടുകളിലേക്ക് പോകണം. കെഎസ്ആർടിസിയുടെ ചെലവ് കുറക്കാൻ ഈ നടപടി എന്നാണ് പറയുന്നത്. വളരെ ഗൗരവമായേ പ്രശ്നത്തെ കാണാൻ കഴിയൂ. പുരോഗതി കൈവരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സ്ഥാപനത്തിൻ്റെ പ്രധാന ഭാഗം തൊഴിലാളികളാണെന്നുള്ള യാഥാർത്ഥ്യം അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ട്രേഡ് യൂണിയനുകളും കെഎസ്ആർടിസി മാനേജ്മെൻ്റുമായി സഹകരിക്കുന്നുണ്ട്. തൊഴിലാളികളുടെ അഭിപ്രായങ്ങൾ കേൾക്കാതെ ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നു. ഇത് സ്ഥാപനത്തെ തകർക്കുന്നതിനാണ് സഹായിക്കുക. പിരിച്ചുവിട്ട ജീവനക്കാറുടെ പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കുന്നില്ല. എന്തുകൊണ്ടാണ് അതിന് കഴിയാത്തതെന്ന് അദ്ദേഹം ചോദിച്ചു.
സ്ഥാപനത്തിൻ്റെ നിലനിൽപ്പ് മുന്നിൽ കണ്ടാണ് തൊഴിലാളികൾ സഹകരിക്കുന്നത്. അത് മനസിലാക്കാൻ സ്ഥാപനത്തിൻ്റെ എംഡിക്ക് കഴിയണം. തെറ്റായ കാര്യങ്ങൾ നടപ്പിലാക്കുന്നു. അത് തിരുത്താൻ എം ഡി തയ്യാറാകണം. തൊഴിലാളികളെ ചേർത്തു നിർത്തണം. രണ്ട് അറകൾ തീർത്താൽ സ്ഥാപനം വളരില്ല. ഇക്കാര്യത്തില്‍ അടിയന്തിരമായി കൂടിയാലോചന നടത്തണം. മാനേജ്മെൻ്റ് നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ കേരളത്തിലുടനീളം സമരം തുടരുമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.




