Uncategorized

‘അർജൻ്റീന ടീമിൻ്റെ മത്സരം അടുത്ത വിൻഡോയിൽ, സ്റ്റേഡിയത്തിന് ഉടൻ ഫിഫ അനുമതി കിട്ടും’; ആൻ്റോ അഗസ്റ്റിൻ

കൊച്ചി: ലയണൽ മെസിയുടേയും ലോകകപ്പ് നേടിയ അർജന്റീന ടീമിന്റേയും കേരളത്തിലെ സൗഹൃദ മത്സരം അടുത്ത വിൻഡോയിൽ തന്നെ നടത്തുമെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എംഡി ആന്റോ അഗസ്റ്റിൻ.

നവംബറിൽ കളി നടക്കില്ല എന്നതാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചതെന്നും ഫിഫയുടെ അനുമതി കിട്ടിയാൽ അടുത്ത വിൻഡോയിൽ തന്നെ കളി നടത്തുമെന്നും അതിന് വേണ്ടി നടപടി ക്രമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു.ഫിഫ അനുമതി കിട്ടിയാൽ മത്സരം കൊച്ചിയിൽ തന്നെ നടക്കും. ഫിഫ അനുമതി കിട്ടിയാൽ മത്സരം കൊച്ചിയിൽ തന്നെ നടക്കും. കൊച്ചിയിലെ സ്റ്റേഡിയത്തിന് ഉടൻ തന്നെ അപ്രൂവലിന് വേണ്ടിയുള്ള എല്ലാ രേഖകളും സമർപ്പിച്ചുകഴിഞ്ഞു. കലൂർ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞാൽ
കൂടുതൽ ഫിഫ മത്സരങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി ഉൾപ്പെടെ വർധിപ്പിക്കും. ഫിഫ റാങ്കിനുള്ള എല്ലാ രേഖകളും സമർപ്പിച്ചു കഴിഞ്ഞു. മത്സരം നടക്കുമോ എന്നതിൽ ആശങ്കയേയില്ല. നവംബറിൽ മത്സരം ഉണ്ടാവില്ലെന്നേയുള്ളൂ. അർജന്റീന ടീം ഇവിടെ മത്സരത്തിനെത്തുക എന്നതാണ് വേണ്ടത്.
മെസിയെ മാത്രം കൊണ്ടുവരാനാണെങ്കിൽ ഈ ബുദ്ധിമുട്ടുകളില്ല. സാമ്പത്തിക ചെലവും ടീമിനെ കൊണ്ടുവരുന്നതിനേക്കാൾ കുറവാണ്.

ലോകകപ്പ് നേടിയ ടീമിനെ തന്നെ കൊണ്ടുവന്ന് മത്സരം നടത്തുകയാണ് ലക്ഷ്യം. അതുകൊണ്ടാണ് അടുത്ത വിൻഡോയിലേക്ക് മാറ്റുന്നതെന്നും ആൻ്റോ അഗസ്റ്റിൻ വ്യക്തമാക്കി. നവംബറിൽ അംഗോളയുമായാണ് മറ്റൊരു മത്സരം നടക്കുന്നത്, അവിടെ നിന്നും കേരളത്തിലേക്കുള്ള നീണ്ട യാത്രയുടെ പ്രശ്നങ്ങളും സ്റ്റേഡിയത്തിന്റെ ഫിഫയുടെ അപ്രൂവൽ കാലതാമസവുമാണ് മത്സരം അടുത്ത വിൻഡോയിലേക്ക് മാറ്റാൻ തീരുമാനിച്ചതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി ബ്യൂണസ് അയേഴ്സിൽ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മത്സരം അടുത്ത വിൻഡോയിലേക്ക് മാറ്റുമെന്ന അറിയിപ്പുണ്ടായിരുന്നു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് അർജന്റീനയിൽ ചര്‍ച്ച നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button