വേഗറാണിക്ക് സിപിഐ എം വീട് നിർമിച്ച് നൽകും

കട്ടപ്പന: സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോർഡോടെ സ്വർണം നേടിയ കാൽവരിമൗണ്ട് കാൽവരി എച്ച്എസിലെ ദേവ പ്രിയ ഷൈബുവിന് പാർടി വീട് നിർമിച്ചുനൽകുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് അറിയിച്ചു. സബ് ജുനിയർ ഗേൾസ് 100 മീറ്റർ ഓട്ടത്തിലാണ് 38 വർഷം പഴക്കമുള്ള സിന്ധു മാത്യുവിൻ്റെ റെക്കോർഡ് ദേവപ്രിയ തകർത്തത്.മത്സരത്തിനു ശേഷം പരിശീലകൻ ടിബിൻ ജോസഫ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ദേവപ്രിയയ്ക്ക് സ്വന്തമായി വീടില്ലാത്ത കാര്യം പങ്കുവെച്ചിരുന്നു. ഇതുശ്രദ്ധയിൽപ്പെട്ട പാർടി ജില്ലാ സെക്രട്ടറി, വീട് നിർമിച്ചുനൽകാമെന്ന് അറിയി ക്കുകയായിരുന്നു. റവന്യൂ ജില്ലാ കായികമേളയിൽ 100, 200, 80 ഹർഡിൽസ്, 4100 മീറ്റർ റിലേ എന്നിവയിൽ സ്വർണം നേടി വ്യക്തഗത ചാമ്പ്യൻപട്ടം നേടിയിരുന്നു. കാൽവരി എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരി ദേവനന്ദയും റിലേയിലും ഹൈജമ്പിലും മത്സരിക്കുന്നുണ്ട്. ദേശാഭിമാനി ഏജൻ്റ് കാൽവരിമൗണ്ട് പാലത്തുംതലയ്ക്കൽ ഷൈബുവിൻ്റെയും ബിസ്മിയുടെയും മകളാണ്.




