വിവാദങ്ങൾക്കിടെ ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി; ‘പെൺകുട്ടികൾ ധീരതയോടെയും വ്യക്തതയോടെയും തീരുമാനങ്ങൾ എടുക്കണം’

കൊച്ചി: പിഎം ശ്രീ വിവാദങ്ങൾക്കിടെ ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പർ പവറാക്കുകയാണ് എൻഇപിയുടെ ഉദ്ദേശലക്ഷ്യമെന്ന് ദ്രൗപദി മുർമു പറഞ്ഞു. കൊച്ചി സെൻറ് തെരേസാസ് കോളേജ് ശതാബ്ദി ആഘോഷത്തിലായിരുന്നു പരാമർശം. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് കൈമാറി പ്രകാശനം ചെയ്തു. അതേസമയം, സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിക്കെതിരെ വിമർശനം ശക്തമാവുകയാണ്.
ധീരതയോടെയും വ്യക്തതയോടെയും ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കണമെന്ന് പെൺകുട്ടികളോട് രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളാൽ നയിക്കപ്പെടുന്ന സമൂഹം കൂടുതൽ മാനുഷിക മൂല്യങ്ങളും കൂടുതൽ മികവുമുള്ള സമൂഹമാകുമെന്നും ദ്രൗപദി മുർമു പറഞ്ഞു. നാലുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കിയ രാഷ്ട്രപതി അല്പസമയത്തിനകം നെടുമ്പാശ്ശേരിയിൽ നിന്ന് ദില്ലിയിലേക്ക് മടങ്ങും.
കടുത്ത അമർഷവുമായി സിപിഐ
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിൽ കടുത്ത അമർഷവുമായി സിപിഐ. ബിനോയ് വിശ്വം ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം പരസ്യമായി അവരുടെ പ്രതിഷേധം പങ്കുവെച്ചു. നിർണായക സിപിഐ സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. വിഷയം യോഗത്തിൽ ചർച്ചയാകും. ഇടത് മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സെക്രട്ടറിയേറ്റ് തുടങ്ങും മുന്പ് ബിനോയ് വിശ്വം പ്രതികരിച്ചു. മുന്നണി വിടുമോയെന്ന ചോദ്യത്തിന്, 12.30 ക്ക് ശേഷം പറയാം എന്നുമായിരുന്നു മറുപടി.




