Uncategorized

കെആർ നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിയ പ്രതിഭ, ലാളിത്യത്തിൻ്റെ പ്രതീകം: രാഷ്ട്രപതി ദ്രൗപദി മുർമു

തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെആർ നാരായണൻ്റെ പ്രതിമ രാജ്ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനാച്ഛാദനം ചെയ്തു. കെആർ നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വവും ലാളിത്യത്തിൻ്റെ പ്രതീകവും ആയിരുന്നെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പ്രമുഖ രാഷ്ട്ര തന്ത്രജ്ഞനും, നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിൻ്റെ ജീവിതം സമത്വം, സത്യസന്ധത, പൊതുസേവനം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ എല്ലാവർക്കും പ്രചോദനമാണെന്നും പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു.വിദ്യാഭ്യാസത്തിനും സാമൂഹ്യനീതിക്കും വേണ്ടി കെആർ നാരായണൻ നടത്തിയ പരിശ്രമങ്ങൾ എന്നും ഓർമിക്കപ്പെടേണ്ടതാണ്. അചഞ്ചലമായ സമർപ്പണത്തിലൂടെയും വിദ്യാഭ്യാസത്തിൻ്റെ ശക്തിയിലൂടെയുമാണ് കെആർ നാരായണൻ രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ എത്തിയത്. ഇന്ത്യൻ വിദേശകാര്യ സർവീസിലെ ഔദ്യോഗിക ജീവിതത്തിലും സമാധാനം, നീതി, സഹകരണം എന്നീ ആശയങ്ങളാണ് കെആർ നാരായണൻ ഇന്ത്യയ്ക്ക് വേണ്ടി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.രാജ്യത്തിൻ്റെയും മനുഷ്യൻ്റെയും വികസനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിന് അദ്ദേഹം ഊന്നൽ നൽകി. സാധാരണ ജനങ്ങളുടെ ജീവിതം ഉയർത്തുന്നതിനായി പ്രവർത്തിച്ച അദ്ദേഹം ഭാവി തലമുറകൾക്ക് പ്രചോദനമാകുന്ന നേതൃഗുണങ്ങളുടെ പ്രതീകമാണ്. ധാർമികത, സത്യസന്ധത, അനുകമ്പ, ജനാധിപത്യപരമായ മനോഭാവം എന്നിവ അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിൻ്റെ മൂല്യങ്ങളും ജീവിതസന്ദേശവും രാജ്യത്തിൻ്റെ പുരോഗതിയിലേക്കുള്ള പാതയിൽ എന്നും മാർഗദീപമാകുമെന്നും രാജ്ഭവനിൽ കെആർ നാരായണൻ്റെ പ്രതിമ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തിൻ്റെയും സ്‌നേഹാദരവ് അദ്ദേഹത്തിന് നൽകുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button