ഇത് വികസനത്തിന്റെ കേരള മാതൃക; മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ഒരു ദിവസം ഉദ്ഘാടനം ചെയ്യുന്നത് 274 കോടി രൂപയുടെ 55 റോഡുകൾ

കേരളം വികസന ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ ലോക മാതൃക തീർത്ത് മുന്നേറുകയാണ്. മിന്നൽ വേഗത്തിലാണ് നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന അത്ഭുതാവഹമായ അടിസ്ഥാന സൗകര്യ വികസനങ്ങൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതിദാരിദ്ര്യ നിർമ്മാർജ്ജനവും അതിവേഗത്തിലുള്ള റോഡുകളുടെയും പാലങ്ങളുടെയും നിർമാണവുമെല്ലാം ഇതിന്റെ ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്.
ഇപ്പോഴിതാ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 274 കോടി രൂപയുടെ 55 റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് ഒറ്റൊരു ദിവസം കൊണ്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കാൻ പോകുന്നത്. 195 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച 31 റോഡുകൾ ഇന്ന് ഈ ജില്ലകളിലായി നാടിന് സമർപ്പിക്കും. അതോടൊപ്പം 65.91 കോടി രൂപയുടെ 24 റോഡുകളുടെ നവീകരണ പ്രവൃത്തിക്കും തുടക്കം കുറിക്കുകയാണ്.
ആറന്മുള നിയോജകമണ്ഡലത്തിലെ പത്തനംതിട്ട നഗരത്തിൽ ഉൾപ്പെടുന്ന നാല് റോഡുകൾ, കായംകുളം നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ 35 റോഡുകൾ, അടൂർ മണ്ഡലത്തിൽ ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഏഴംകുളം -കൈപ്പട്ടൂർ റോഡ്, മാവേലിക്കര നിയോജകമണ്ഡലത്തിലെ 9 റോഡുകൾ, കോന്നി നിയോജകമണ്ഡലത്തിലെ ആറ് റോഡുകൾ എന്നിവയുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. കേരള വികസനത്തിന്റെ ചരിത്രത്താളുകളിലേക്ക് എഴുതിച്ചേര്‍ക്കുന്ന നിമിഷങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും ഇതേ രീതിയിൽ കോടികളുടെ പദ്ധതികളാണ് ഒറ്റ ദിവസം ഉദ്ഘാടനം ചെയ്തത്. മലപ്പുറം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലായി പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ പൂര്‍ത്തീകരിച്ചതും പ്രവൃത്തി ആരംഭിക്കുന്നതുമായ 77 കോടിയോളം രൂപയുടെ പദ്ധതികളാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍ മറ്റേത് സംസ്ഥാനത്തുമില്ലാത്ത തരത്തിലുള്ള വികസനമുന്നേറ്റമാണ് കേരളത്തിൽ ഇത്തരം പ്രവർത്തത്തനങ്ങളിലൂടെ സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്നത്.




