സമയം പാഴാക്കാനില്ല’; ബുദാപെസ്റ്റില്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ട്രംപ്, സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച നിര്‍ത്തിവെച്ചതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ്. പ്രയോജനമില്ലാത്ത കൂടിക്കാഴ്ചയ്ക്ക് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനു വേണ്ടി സമയം പാഴാക്കാനില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനുമായി ബുദാപെസ്റ്റില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ഈ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയില്ലന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നു. ഉടനെയൊന്നും ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നായിരുന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതായും അതിനാല്‍ ഇരുവരും തമ്മില്‍ ഇനി നേരിട്ടുള്ള കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.




