സമരം ചെയ്ത് ഭാവി കളയരുതെന്ന് സ്‌നേഹത്തോടെ കുട്ടികളോട് പറഞ്ഞതാണ്, ഭീഷണിപ്പെടുത്തിയതല്ല: സി വി വര്‍ഗീസ്

ഇടുക്കി: ഇടുക്കി ഗവ. നഴ്‌സിങ് കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സമരം ചെയ്ത് ഭാവി കളയരുതെന്ന് കുട്ടികളോട് സ്‌നേഹത്തോടെ പറയുകയാണ് ചെയ്തതെന്നും സി വി വര്‍ഗീസ് പറഞ്ഞു.
ഹോസ്റ്റലില്‍ ഒരു രൂപ പോലും നല്‍കാനാകില്ലെന്ന് പിടിഎ അംഗം പറഞ്ഞപ്പോള്‍ തര്‍ക്കമുണ്ടായെന്നും ഭീഷണിപ്പെടുത്തിയാല്‍ അത് തുറന്നുപറയുന്നതിന് ഒരു മടിയുമില്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു. നഴ്‌സിങ് കോളേജ് മാറ്റാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സി വി വര്‍ഗീസ് ആരോപിച്ചു. ‘ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരുവിഭാഗം ഉദ്യോഗസ്ഥരും അധ്യാപകരും പിടിഎ അംഗങ്ങളുമാണ്. ഓഫീസില്‍ വന്ന് ഒപ്പിട്ടു മടങ്ങുന്നവര്‍ക്ക് കോളേജ് മാറ്റണമെന്നാണ് ആഗ്രഹം’: സി വി വര്‍ഗീസ് പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും സമരം ചെയ്യുന്ന കെഎസ്‌യുക്കാര്‍ ആദ്യം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകള്‍ക്ക് നീതി വാങ്ങി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




