Uncategorized

ഹൃദയശസ്ത്രക്രിയാ പ്രതിസന്ധി: കുടിശിക ലഭിക്കാതായതോടെ ഉപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ വിതരണക്കാര്‍; മെഡിക്കല്‍ കോളേജുകളില്‍ പരിശോധന

തിരുവനന്തപുരം: ഉപകരണ കുടിശിക ലഭിക്കാതായതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ തിരിച്ചെടുക്കാനുള്ള നീക്കവുമായി വിതരണക്കാര്‍. ഉപകരണ വിതരണക്കാര്‍ ഇന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തി. കുടിശിക തരാത്തതോടെ ഉപകരണങ്ങള്‍ തിരിച്ചെടുക്കാനാണ് വിതരണക്കാര്‍ എത്തിയത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളിലാണ് വിതരണക്കാര്‍ എത്തി പരിശോധന നടത്തിയത്.

അതേസമയം ഉപകരണങ്ങള്‍ തിരികെ നല്‍കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കുടിശിക അടയ്ക്കാന്‍ പത്ത് ദിവസത്തെ സാവകാശം കൂടി നല്‍കിയിട്ടുണ്ട്. സൗജന്യ ചികിത്സയുടെ ഭാഗമായാണ് ആശുപത്രികളില്‍ പ്രതിസന്ധി ഉണ്ടായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ആശുപത്രികളില്‍ നിലവില്‍ എത്ര രൂപയുടെ ഉപകരണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുന്നതിനായാണ് വിതരണക്കാര്‍ എത്തിയത്. അതേസമയം ഉപകരണങ്ങള്‍ തിരികെ നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് വിതരണക്കാരനായ അനില്‍ കുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് പത്ത് ദിവസത്തെ സമയം കൂടി അനുവദിക്കും. ഉപകരണങ്ങള്‍ തിരിച്ചെടുക്കരുത് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചര്‍ച്ച പോസിറ്റീവ് ആണ്. തിരുവനന്തപുരത്ത് 25 കോടിയുടെ കുടിശികയാണുള്ളത്. ഇന്ന് അടിയന്തരമായി വിതരണക്കാരുടെ യോഗം ചേരുമെന്നും അനില്‍ കുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ശസ്ത്രക്രിയ ഉപകരണ വിതരണത്തിലെ കുടിശിക ഗൗരവമുള്ള വിഷയമെന്ന് വീണ ജോര്‍ജ് പറഞ്ഞു. വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. സൗജന്യ ചികിത്സ നല്‍കിയതിന്റെ ഭാഗമായാണ് പ്രതിസന്ധിയെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button