Uncategorized

ഹിജാബ് വിവാദം: ‘സ്‌കൂൾ നിയമം അനുസരിച്ച് വന്നാൽ കുട്ടിയെ സ്വീകരിക്കും’; നിലപാടിലുറച്ച് സ്‌കൂൾ മാനേജ്‌മെൻ്റ്

കൊച്ചി: ഹിജാബ് വിവാദത്തില്‍ വിശദീകരണവുമായി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റ്. ആദ്യ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മാനേജ്‌മെന്റ്. സ്‌കൂളിന്റെ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥി വന്നാല്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പള്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് പ്രിന്‍സിപ്പള്‍ പ്രതികരിച്ചത്.

‘കോടതിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഹൈബി ഈഡന്‍ എംപിക്കും ഷോണ്‍ ജോര്‍ജിനും നന്ദി. സ്‌കൂളിന്റെ നിബന്ധന അനുസരിച്ച് കുട്ടി വന്നാല്‍ ആദ്യ ദിനത്തില്‍ എന്ന പോലെ വിദ്യ നല്‍കാന്‍ തയ്യാറാണ്. സ്‌കൂള്‍ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥി വന്നാല്‍ സ്വീകരിക്കും. സര്‍ക്കാരിനെയും നിയമത്തെയും അനുസരിച്ചാണ് ഇതുവരെ മുന്നോട്ട് പോയത്’, പ്രിന്‍സിപ്പള്‍ പറഞ്ഞു.

എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രിന്‍സിപ്പള്‍ മറുപടി നല്‍കിയില്ല. വിഷയങ്ങള്‍ പലതും കോടതിയുടെ മുന്നിലായതിനാല്‍ അധികം സംസാരിക്കുന്നില്ലെന്നായിരുന്നു പ്രിന്‍സിപ്പളിന്റെ പ്രതികരണം. കുട്ടി സ്‌കൂള്‍ മാറുന്നതിനെക്കുറിച്ച് വിവരമില്ലെന്നും പ്രിന്‍സിപ്പള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം വിദ്യാര്‍ത്ഥി സ്‌കൂള്‍ വിട്ടുപോകുന്ന കാര്യം പരിശോധിക്കണമെന്നും അതിന് കാരണക്കാരായവര്‍ സര്‍ക്കാരിനോട് മറുപടി പറയേണ്ടി വരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.

‘കുട്ടിക്ക് മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഉത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റ് ആയിരിക്കും. നമുക്ക് ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളും ദേശീയ വിദ്യാഭ്യാസ നിയമങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിദ്യാഭ്യാസം ചെയ്യാന്‍ പറ്റുള്ളു. കഴിഞ്ഞ ഒരാഴ്ചയായി ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എത്രത്തോളമാണ്. ഒരു കൊച്ചു മോളോട് അങ്ങനെ പെരുമാറാന്‍ പാടുണ്ടോ. ചെറിയ തോതില്‍ തന്നെ അവിടെ ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട പ്രശ്‌നമാണ് വഷളാക്കുന്നത്’, വി ശിവന്‍കുട്ടി പറഞ്ഞു.

ഒരു കുട്ടിയുടെ പ്രശ്‌നമാണെങ്കിലും ആ കുട്ടിക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെ ധിക്കാരത്തോടെയാണ് സ്‌കൂള്‍ പിടിഎ പ്രസിഡന്റും പ്രിന്‍സിപ്പാളും അഭിഭാഷകയും സംസാരിച്ചത്. ലീഗല്‍ അഡൈ്വസര്‍ക്ക് സ്‌കൂളിന്റെ കാര്യം പറയാന്‍ അവകാശമില്ലെന്നും കോടതിയിലെ നിയമപരമായ കാര്യങ്ങള്‍ ചെയ്യുകയാണ് ജോലിയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button