Uncategorized
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച അഞ്ച് പേരും തിരുവനന്തപുരം സ്വദേശികളാണ്. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ എന്നിവിടങ്ങളിൽ നിന്നാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 5 പേരും നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ പിടിപെടുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലായിടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.




