Uncategorized

അസാധാരണ പ്രതിസന്ധി, ഹമാസ് കൈമാറിയ മൃതദേഹങ്ങളിൽ ഒന്ന് ബന്ദിയുടേതല്ലെന്ന് അവകാശപ്പെട്ട് ഇസ്രയേൽ; പിന്നാലെ മുന്നറിയിപ്പ്

ടെൽ അവീവ്: ഗാസ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഹമാസ് ചൊവ്വാഴ്ച കൈമാറിയ മൃതദേഹങ്ങളിൽ ഒന്നിന് ബന്ദികളിലൊരാളുടേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാറിൽ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി ചൊവ്വാഴ്ച നാല് മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയത്. തിങ്കളാഴ്ച 20 ജീവനുള്ള ബന്ദികളെ വിട്ടയച്ചതിന് പിന്നാലെ നാല് മൃതദേഹങ്ങൾ കൈമാറിയിരുന്നു. ആകെ മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ കാത്തിരിക്കുന്നത്. ചൊവ്വാഴ്ച ലഭിച്ച നാല് മൃതദേഹങ്ങളിൽ രാത്രി വൈകി നടത്തിയ ഫോറൻസിക് പരിശോധനകൾക്ക് ശേഷം, അവയിലൊന്ന് ബന്ദികളുമായി പൊരുത്തപ്പെടുന്നില്ല എന്ന് മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. മരിച്ച ബന്ദികളെ തിരികെ നൽകാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും ഹമാസ് നടത്തേണ്ടതുണ്ടെന്നും ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി.

കൈമാറിയത് 8 മൃതദേഹങ്ങൾ

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരം തിങ്കളാഴ്ച മുതൽ ഹമാസ് ജീവനുള്ള 20 ഇസ്രായേൽ ബന്ദികളെയും എട്ട് മൃതദേഹങ്ങളുമാണ് കൈമാറിയതെന്ന് എഎഫ്‍പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു നേപ്പാളി പൗരനും ആറ് ഇസ്രായേലികളും തിരിച്ചറിയാത്ത ഒരു മൃതദേഹവും ഉൾപ്പെടുന്നു. ഇതിന് പുറമെ ഇസ്രായേൽ കൈമാറിയ 45 പലസ്തീനികളുടെ മൃതദേഹാവശിഷ്ടങ്ങൾ ഗാസയിലെ ആശുപത്രിക്ക് ലഭിച്ചതായും റിപ്പോർട്ടുണ്ട്. മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറണമെന്ന കരാർ വ്യവസ്ഥകൾ ഹമാസ് പൂർണ്ണമായും പാലിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ഇതിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല, അവസാനത്തെ മരിച്ച ബന്ദിയെ തിരികെ കൊണ്ടുവരുന്നത് വരെ ഞങ്ങളുടെ ശ്രമങ്ങൾ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button