കസ്റ്റംസിന് തിരിച്ചടി; ദുൽഖറിൻ്റെ ഡിഫൻഡർ വിട്ടുനൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ദുൽഖർ സൽമാനെതിരായ വാഹനക്കടത്ത് കേസിൽ കസ്റ്റംസിന് തിരിച്ചടി. ദുൽഖറിൻ്റെ ഡിഫൻഡർ കാർ വിട്ടുനൽകണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ നിർദേശം. ഉപാധികളോടെയാണ് വാഹനം വിട്ടുനൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ദുൽഖറിൻ്റെ ആവശ്യം കസ്റ്റംസിൻ്റെ ജോയിൻ്റ് കമ്മീഷണർ പരിഗണിക്കണം എന്നാണ് കോടതി നിർദേശിച്ചത്. അതോടൊപ്പം അന്വേഷണസംഘത്തിൻ്റെ വാദങ്ങൾ പരിഗണിച്ച് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി തീരുമാനമെടുക്കണം. ആവശ്യം തള്ളിയാല്‍ കാരണം സഹിതം കസ്റ്റംസ് ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ദുൽഖർ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിനെ സമീപിച്ചിരുന്നു. ദുൽഖറിൻ്റെ ആവശ്യം പരിഗണിച്ച് കസ്റ്റംസ് നടപടിയിലെത്തണമെന്ന് അറിയിച്ചിട്ടുണ്ട്. കസ്റ്റംസിന് നൽകിയിട്ടുള്ള അപേക്ഷ പരിഗണിച്ച് മാത്രം വാഹനം വിട്ടുനൽകാനാണ് കോടതി നിർദേശം.
കസ്റ്റംസ് വിശദമായ വാദം നേരത്തെ കോടതിയിൽ നടത്തിയിരുന്നു. നിയമവിരുദ്ധമായല്ല, കസ്റ്റംസ് ആക്ട് പ്രകാരമാണ് വാഹനം പിടിച്ചെടുത്തത് എന്നായിരുന്നു കസ്റ്റംസിൻ്റെ വാദം. എന്നാൽ, കസ്റ്റംസിന് നേരെ കോടതി നിരവധി ചോദ്യങ്ങൾ നിരത്തിയിരുന്നു. നിരവധി വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനമാണ്, ഏത് തരത്തിലാണ് വാഹനം പിടിച്ചെടുക്കാനുള്ള സാഹചര്യം, എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം നടപടി എന്ന് തുടങ്ങിയ കാര്യങ്ങളാണ് കോടതി ചോദിച്ചത്.




