ഗാസയെ കുരുതിക്കളമാക്കി ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്

ഗാസ സിറ്റി: ഗാസയെ കുരുതിക്കളമാക്കിയ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്. 2023 ഒക്ടോബർ 7ന് ഇസ്രയേലിന്റെ എല്ലാ സുരക്ഷയും മറികടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,139 പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് ലോകം കണ്ടത് പലസ്തീന് മേൽ ഇസ്രയേൽ പതിറ്റാണ്ടുകളായി നടത്തികൊണ്ടിരിക്കുന്ന ആക്രമണം എല്ലാ പരിധികളും ലംഘിക്കുന്നതാണ്. 70,000ത്തോളം പലസ്തീനികളെയാണ് ഇസ്രയേൽ കൂട്ടക്കൊല ചെയ്തത്. കെടുതിയുടെ പാരമ്യത്തിലും സമാധാനത്തിന്റെ സൂര്യോദയത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് പലസ്തീൻ.
അല്‍ അഖ്സ പ്രളയം എന്ന് ഹമാസ് പേരിട്ട് വിളിച്ച സായുധ ആക്രമണം, അത് വരെ ഇസ്രയേലിനെതിരെ ഹമാസ് നടത്തി വന്ന ആക്രമണത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് വിക്ഷേപിച്ചതിന് പിന്നാലെ ഹമാസ് സായുധ സംഘമായ അല്‍ ഖസ്സാം ബ്രിഗേഡ് ഇസ്രായേലിലേക്ക് ഇരച്ച് കയറി. ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചുള്ള തുടര്‍ച്ചയായ ആക്രമണം.
ഒക്ടോബര്‍ 7 ശനിയാഴ്ച രാവിലെ 7.45 ഓടെയായിരുന്നു ഒരേ സമയം വിവിധ ഇടങ്ങളിലേക്കുള്ള ഹമാസ് സൈനിക നീക്കം. ഇസ്രയേല്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനായി അറബ് രാഷ്ട്രങ്ങള്‍ യുദ്ധം തുടങ്ങിവച്ച 1973ലെ യോംകിപ്പൂര്‍ യുദ്ധത്തിന്‍റെ ഓര്‍മ ദിവസം കൂടിയായിരുന്നു അന്ന്. തെക്കന്‍ ഇസ്രയേലില്‍ അവധിയോടനുബന്ധിച്ച് നൃത്ത പരിപാടികള്‍ നടന്നുവന്നിരുന്ന സ്ഥലത്ത് നടത്തിയ വെടിവയ്പ്പില്‍ ഇസ്രയേല്‍ സൈനികര്‍ ഉള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. 250 ഇസ്രയേലികളെ ബന്ദികളാക്കി.
ആദ്യത്തെ ഞെട്ടലില്‍ നിന്ന് മുക്തരായ ഇസ്രായേല്‍ സേന പിന്നെ നടത്തിയത് ചരിത്രത്തില്‍ സമാനതകളില്ലാത്ത കൂട്ടക്കൊലകളാണ്. പലസ്തീന്‍റെ മണ്ണിലേക്ക് അത്യാധുനിക റോക്കറ്റുകള്‍ അടക്കം ഉപയോഗിച്ചുള്ള തുടര്‍ച്ചയായ ആക്രമണമാണ് നടത്തിയത്. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും കൂട്ടക്കൊലക്കിരയാക്കി. ഗാസ ശവപറമ്പായിമാറി. ആശുപത്രികള്‍ നിരന്തരം ബോംബാക്രമണത്തിന് ഇരയായി. നിരവധി ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും കൊല്ലപ്പെട്ടു.
ശക്തമായ ഉപരോധം ഗാസയെ പട്ടിണിയിലേക്ക് തള്ളി വിട്ടു. കൈക്കുഞ്ഞുകള്‍ ഉള്‍പ്പെടെ പട്ടിണി മൂലം മരിച്ചുവീണു. ഗാസ പട്ടിണിയുടെ വക്കിലാണെന്ന് യുഎൻ റിപ്പോർട്ട് ലോകത്തെ ഞെട്ടിച്ചു. ഗാസയിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള ശ്രമങ്ങള്‍ പോലും തടയപ്പെട്ടു. ഇസ്രയേല്‍ ക്രൂരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കൊന്നൊടുക്കി. ഹമാസിനെയും ഇസ്രയേലിനും പിന്തുണയ്ക്കുന്നു എന്നാരോപിച്ച് ആക്രമണം ഹിസ്ബുല്ലക്ക് നേരെയും ഹൂതികള്‍ക്കെതിരെയും വ്യാപിപ്പിച്ചു. ഇറാനിലെ അതിസുരക്ഷാ മേഖലയിൽ വച്ച് ഹമാസ് മേധാവി ഇസ്മയിൽ ഹനിയയെയും, ലെബനനില്‍ വച്ച് ഹെസ്ബൊള്ള മേധാവി ഹസൻ നസറള്ളയും കൊലപ്പെടുത്തി..




