കഫ് സിറപ്പ് കുടിച്ച് രണ്ടാഴ്ച്ചയ്ക്കിടെ മരിച്ചത് 11 കുട്ടികൾ; നൽകിയത് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട മരുന്ന്

ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ കഫ് സിറപ്പ് കുടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട കുട്ടികളുടെ എണ്ണം ഒന്‍പതായി. രണ്ടാഴ്ച്ചയ്ക്കിടെ ഇത്രയധികം കുട്ടികള്‍ മരുന്ന് കഴിച്ച് മരിച്ചതില്‍ വലിയ ജനരോക്ഷം പുകയുകയാണ്. മധ്യപ്രദേശില്‍ കൂടാതെ രാജസ്ഥാനില്‍ രണ്ട് കുട്ടികളും സമാന കാരണത്താല്‍ മരിച്ചിരുന്നു. രാജസ്ഥാനില്‍ കഫ് സിറപ്പ് കുടിച്ച പത്ത് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. നിലവിൽ രണ്ട് സംസ്ഥാനങ്ങളിലുമായി പതിനൊന്ന് കുഞ്ഞുങ്ങളാണ് ചുമ മരുന്ന് കഴിച്ച് മരിച്ചത്.
രാജസ്ഥാനില്‍ കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കെയ്മ ഫാര്‍മ എന്ന കമ്പനിയുടെ മരുന്നാണ് കുട്ടികള്‍ കഴിച്ചത് എന്ന് കണ്ടെത്തിയിരുന്നു. ഗുണനിലവാരമില്ലാത്തതിനാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന കെയ്മ ഫാര്‍മ നിരവധി തവണ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിന്ദ്വാര ജില്ലയില്‍ ഇന്ന് മരിച്ച മൂന്ന് കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്ത് വരേണ്ടതുണ്ട്. കൂടാതെ വിശദമായ പരിശോധന നടത്തുന്നത് മരുന്നുകളുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകള്‍ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. സാഹചര്യം കൂടുതല്‍ വഷളാവാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി പര്യേഷ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ശുഭം യാദവ് അറിയിച്ചു.




