Uncategorized

ഒരു കോടി 18 ലക്ഷം പ്രേക്ഷകർ, 50,000 ഷോകൾ; പുതു ചരിത്രം കുറിച്ച് ‘ലോക’

കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ 290 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചിത്രം ഇത്ര വലിയ വിജയം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിൽ മറ്റ് രണ്ട് ഓൾ ടൈം റെക്കോർഡുകൾ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

35 ദിവസം കൊണ്ട് ഒരു കോടി 18 ലക്ഷം പ്രേക്ഷകരാണ് ചിത്രം ആഗോള തലത്തിൽ കണ്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി ഇതോടെ ‘ലോക’ മാറി. ഇത് കൂടാതെ കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ആദ്യമായി 50000 ഷോകൾ പിന്നിടുന്ന ചിത്രമായി മാറിയും ‘ലോക’ ചരിത്രം കുറിച്ചു. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നത്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രമായും മാറിയ ‘ലോക’ മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറി. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി അഞ്ച് മില്യണിൽ കൂടുതൽ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ വഴി വിറ്റ ചിത്രം എന്ന റെക്കോർഡും ‘ലോക’ സ്വന്തമാക്കിയിരുന്നു. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ‘ലോക’.

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘ലോക ചാപ്റ്റർ 2’ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ. അന്താരാഷ്ട്ര ചിത്രങ്ങളോട് കിട പിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകർ ഇതുവരെ കാണാത്ത അവതരണ ശൈലി കൊണ്ടും മലയാള സിനിമയിലെ അത്ഭുത ചിത്രമായി മാറിയ ‘ലോക’ കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button