Uncategorized

കേരളത്തിൽ ആദ്യ എ ഐ ടൗണ്‍ഷിപ്പ് വരുന്നു; പദ്ധതി ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി

ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ എ ഐ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നു. ഇന്റഗ്രേറ്റഡ് എ ഐ ടൗണ്‍ഷിപ്പാണ് ഒരുങ്ങുന്നത്. ജി സി ഡി എയും ഇന്‍ഫോപാര്‍ക്കുമായുള്ള ലാൻഡ് പൂളിംഗ് ധാരണാപത്രം ഒപ്പുവച്ചതോടെ ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തില്‍ നിര്‍ണായക ചുവടുവയ്പായി. രണ്ട് ലക്ഷം പേര്‍ക്ക് നേരിട്ടും നാല് ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി. 2,5000 കോടിയുടെ നിക്ഷേപമാണ് ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത്.

300 ഏക്കറില്‍ രണ്ട് കോടി ചതുരശ്ര അടി ഐ ടി സ്‌പെയ്‌സോടെയുള്ള എ ഐ ടൗണ്‍ഷിപ്പാണ് ഒരുങ്ങുന്നത്. അനുബന്ധ സൗകര്യങ്ങള്‍ക്ക് ഉള്‍പ്പെടെ ആയിരം ഏക്കര്‍ ഭൂമിയാണ് ജി സി ഡി എ പൂള്‍ ചെയ്യുന്നത്. കാലതാമസവും നിയമപ്രശ്‌നങ്ങളും ഒഴിവാക്കി ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ സമീപനമാണ് ലാന്‍ഡ് പൂളിങ്. ഇതിലൂടെ, ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പകരം സ്വകാര്യ ഭൂവുടമകളുടെ സമ്മതത്തോടെ അവരുടെ ചെറിയ തുണ്ട് ഭൂമികള്‍ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കുന്നു. ഭൂവുടമകള്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നതാണ് പദ്ധതി.

ഭൂവുടമകളുമായി ചര്‍ച്ച നടത്താനും പദ്ധതിയുടെ നേട്ടങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും നടപടികള്‍ ആരംഭിച്ചതായി ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. ലാന്‍ഡ് പൂളിങിലൂടെ ഭൂമി കണ്ടെത്തേണ്ടത് ജി സി ഡി എയുടെ ചുമതലയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട ചുമതല ഇന്‍ഫോപാര്‍ക്കിനാണ്. പദ്ധതിയുടെ ഉടമസ്ഥതയും ഇന്‍ഫോപാര്‍ക്കിനായിരിക്കും. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതാണ് പദ്ധതിയെന്ന് ഇന്‍ഫോപാര്‍ക്ക് സി ഇ ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.

എ ഐ ടൗണ്‍ഷിപ്പിൻ്റെ പ്രത്യേകതകള്‍

കാര്‍ബണ്‍ നെഗറ്റിവിറ്റി- എഐ നിയന്ത്രിത ഊര്‍ജ സംവിധാനങ്ങളിലൂടെയും പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളിലൂടെയും നഗരം കാര്‍ബണ്‍ നെഗറ്റീവായി നിലനിര്‍ത്താന്‍ ശ്രമിക്കും
വാട്ടര്‍ പോസിറ്റിവിറ്റി- മഴവെള്ള സംഭരണം, പുനരുപയോഗം തുടങ്ങിയ സംവിധാനങ്ങളിലൂടെ നഗരം ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം സംഭരിച്ച് ജലസുരക്ഷ ഉറപ്പാക്കും
സീറോ വേസ്റ്റ്- എ ഐ അടിസ്ഥാനമാക്കിയുള്ള മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഉപയോഗിക്കും
കണക്ടിവിറ്റി- കൊച്ചി നഗരം, ദേശീയപാത, റെയില്‍വേ, മെട്രോ, വിമാനത്താവളം തുടങ്ങിയ ഗതാഗതസംവിധാനങ്ങളിലേക്കുള്ള കണക്ടിവിറ്റി
ആക്സസിബിലിറ്റി ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി- ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകള്‍ക്കും എളുപ്പം എത്തിച്ചേരാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും കഴിയുന്ന രീതിയിലുള്ള രൂപകല്‍പ്പന
മെയിന്റനബിലിറ്റി- ദീര്‍ഘകാലം നിലനില്‍ക്കുന്നതും പരിപാലിക്കാന്‍ എളുപ്പമുള്ളതുമായ അടിസ്ഥാന സൗകര്യങ്ങള്‍
സുരക്ഷ- എ ഐ നിയന്ത്രിത നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് 24×7 സുരക്ഷ
സാങ്കേതികവിദ്യ സംയോജനം- എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എ ഐ ഉപയോഗിക്കും. ഉദാഹരണത്തിന് ട്രാഫിക്, മാലിന്യസംസ്‌കരണം, പൗര സേവനങ്ങള്‍ തുടങ്ങിയവ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button