കരൂർ അപകടം; TVKയുടെ ഗൂഢാലോചന വാദം തള്ളി തമിഴ്നാട് സർക്കാർ

കരൂർ അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ടിവികെ വാദം തള്ളി തമിഴ്നാട് സർക്കാർ. അപകടത്തിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ആരോപണം തള്ളുന്നത്. പൊലീസ് ഇടപെടലിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും സർക്കാർ ഔദ്യോഗിക വക്താവ് അമുദ പറഞ്ഞു.
ജനക്കൂട്ടത്തിനിടയിൽ കൂടി തന്നെ പ്രസംഗസ്ഥലത്ത് എത്തിച്ച പൊലീസിന് വിജയ് നന്ദി പറയുന്ന വീഡിയോ അടക്കം ഉൾപ്പെടുത്തിയാണ് ടിവികെ ആരോപണത്തെ സർക്കാർ തള്ളുന്നത്. വാഹന റാലിയായിട്ടാണ് വിജയ് എത്തിയത്. ഇതിനിടയിലും ചെറിയ അപകടങ്ങൾ ഉണ്ടായി. ഇടയ്ക്ക് വാഹനം നിർത്തിയതോടെ ആളുകൾ കൂട്ടമായി വിജയിക്ക് അരികിലേക്ക് എത്തി. വിജയ് യെ കാണാൻ എത്തിയവർ എല്ലാ സുരക്ഷാ മുൻകരുതലുകളും മറികടന്നു.
സംഭവ സമയത്ത് ടിവികെ ഏർപ്പെടുത്തിയിരുന്ന ആംബുലൻസുകളും പൊലീസ് എത്തിച്ച ആംബുലൻസുകളും ആണ് ഉണ്ടായിരുന്നത്. പിന്നീടാണ് 33 ആംബുലൻസുകൾ വിളിച്ചുവരുത്തിയത്. വിജയ് സംസാരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുന്നിൽ ഒരാൾ കുഴഞ്ഞു വീഴുന്ന ദൃശ്യവും ഇക്കൂട്ടത്തിൽ ഉണ്ട്. സർക്കാർ ഔദ്യോഗിക വക്താവ് അമുദ ഐഎഎസ് നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് വീഡിയോ പുറത്തുവിട്ടത്. ഗൂഢാലോചനയുണ്ടെന്ന ടിവികെ വാദം തള്ളാൻ സർക്കാരിന്റെ പക്കലുള്ള പ്രധാന തെളിവാണ് ഇത്.




