മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍

മലപ്പുറം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ. താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീനാണ് രംഗത്തെത്തിയത്. ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കിൽ ജില്ലാ വിഭജനം അനിവാര്യമാണെന്നാണ് മൊയ്തീന്റെ നിലപാട്. എന്നാൽ ഈ ആവശ്യത്തോട് ലീഗ് യോജിച്ചിട്ടില്ല. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഈ ആവശ്യം ഉന്നയിക്കുമോ എന്ന് കെ ടി ജലീൽ വെല്ലുവിളിച്ചു.
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ മുസ്ലിം ലീഗ് എംഎല്‍എ കെഎൻഎ ഖാദർ 2019 ൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചിരുന്നു. 2015ൽ മലപ്പുറം ജില്ലാ പഞ്ചായത്തും ഇതേ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. മലപ്പുറം ജില്ല വിഭജിക്കണമെന്ന് പി വി അൻവറും അഭിപ്രായപ്പെട്ടിരുന്നു.




