Uncategorized

കേരളം കടക്കെണിയില്‍ നിന്ന് കര കയറുന്നു, സമ്പദ് വ്യവസ്ഥയില്‍ സ്ഥിരത; മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍, പഠന റിപ്പോര്‍ട്ട്

കൊച്ചി: കേരളം കടക്കെണിയില്‍ നിന്ന് കര കയറുന്നുവെന്ന് പഠനം. കേരളത്തിന്റെ ഉയര്‍ന്ന കടബാധ്യത പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെ ശരിവെയ്ക്കുന്ന ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്.

കേരളം കടക്കെണിയില്‍ നിന്ന് കര കയറുന്നു എന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (CAG) പുതിയ കണക്ക് എന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ സ്ഥിരത കൈവരിക്കുന്നു. മഹാമാരിയുടെ ആഘാതം കടബാധ്യതകളുടെ കണക്കുകളെ താല്‍ക്കാലികമായി ഉയര്‍ത്തിക്കാട്ടിയെങ്കിലും സാമ്പത്തിക പുനരുജ്ജീവനവും അച്ചടക്കമുള്ള വായ്പയെടുക്കലും സുസ്ഥിരത കൈവരിക്കാന്‍ ആകുമെന്ന പ്രതീക്ഷ നല്‍കുന്നതാണ്. ക്ഷേമ പദ്ധതികള്‍ക്കായുള്ള ചെലവഴിക്കലില്‍ ഒരു വിധത്തിലുമുള്ള വിട്ടുവീഴ്ചയും വരുത്താതെയാണ് കേരളം മുന്നോട്ടുപോകുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിസര്‍വ് ബാങ്കിന്റെ 2022ലെ റിപ്പോര്‍ട്ട് കേരളത്തിന് ഒട്ടും അനുകൂലമായിരുന്നില്ല. ഏറ്റവും സാമ്പത്തികമായി സുസ്ഥിരമല്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തെ ആര്‍ബിഐ ഉള്‍പ്പെടുത്തിയതെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പി എസ് രഞ്ജിത്ത് ചൂണ്ടിക്കാട്ടി. ‘മഹാമാരിക്ക് മുമ്പ്, ഏകദേശം രണ്ട് പതിറ്റാണ്ടുകളായി കേരളത്തിന്റെ കടം-മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദന (GSDP) അനുപാതം 27 ശതമാനത്തിനും 32 ശതമാനത്തിനും ഇടയിലായിരുന്നു. ഈ പരിധി സുസ്ഥിരമാണെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്നു. 2018-19 ല്‍ ഈ അനുപാതം 30.65 ശതമാനമായിരുന്നു. കോവിഡ് പ്രതിസന്ധി ഈ സന്തുലിതാവസ്ഥയെ ബാധിച്ചു. 2020-21 ല്‍, കേരളത്തിന്റെ ജിഎസ്ഡിപി ഏകദേശം 9 ശതമാനം ചുരുങ്ങി. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലായിരുന്നു ഈ ഇടിവ്. ഇത് കടം-ജിഎസ്ഡിപി അനുപാതത്തെ 39.96 ശതമാനമായി ഉയര്‍ത്തി. ധനകാര്യ രംഗത്തെ കെടുകാര്യസ്ഥതയായി ഇതിനെ ആര്‍ബിഐ വിലയിരുത്തി. 2026-27 വരെ കേരളത്തിന്റെ കട അനുപാതം 35 ശതമാനത്തിന് മുകളില്‍ തുടരുമെന്ന് ആര്‍ബിഐ പ്രവചിച്ചു,’- പി എസ് രഞ്ജിത്ത് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button