Uncategorized

ഒൻപത് വയസുകാരിക്ക് അപൂർവ രോഗം ബാധിച്ച സംഭവം; ചികിത്സ ഏറ്റെടുത്ത് കൊച്ചി ഗിരിധര്‍ ആശുപത്രി

കൊല്ലം: കൊല്ലത്ത് അപൂര്‍വ രോഗം ബാധിച്ച പെണ്‍കുട്ടി നിഹാനയുടെ ചികിത്സ ഏറ്റെടുത്ത് കൊച്ചി ഗിരിധര്‍ ആശുപത്രി. വാര്‍ത്തയെ തുടര്‍ന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ആരോഗ്യമന്ത്രി വീണാ ജോർജും വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ ചികിത്സ ഏറ്റെടുത്ത വിവരം ആശുപത്രി അധികൃതർ അറിയിച്ചത്.

കൊല്ലം കണ്ണനല്ലൂര്‍ തടത്തില്‍മുക്ക് സ്വദേശികളായ നിസാറിന്റെയും ബെന്‍സിലയുടെയും മകളാണ് നിഹാന. മരുന്നുകളുടെ പാര്‍ശ്വഫലംകൊണ്ടാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിഹാനയ്ക്ക് സ്റ്റീവന്‍ ജോണ്‍സന്‍ സിന്‍ഡ്രം എന്ന അപൂര്‍വ രോഗം ബാധിച്ചത്. 2025 ജനുവരി 23ന് നിഹാനയെ കടുത്ത പനിയെ തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിന് ആഴ്ച്ചകള്‍ക്ക് മുന്‍പ് കുട്ടിയെ പൂച്ച മാന്തിയിരുന്നു എന്ന് അറിയിച്ചതിനെ തുടര്‍ന്ന് റാബിസ് വാക്സിന്‍ എടുത്തു. ഇത് കൂടാതെ നാല് മരുന്നുകളും ഡോക്ടര്‍മാര്‍ നല്‍കി. എന്നാല്‍ ഇതില്‍ ഏതോ മരുന്ന് നിഹാനയ്ക്ക് അലര്‍ജിയുണ്ടാക്കി. ഇതിലൂടെ കുട്ടിക്ക് സ്റ്റീവന്‍ ജോണ്‍സന്‍ സിന്‍ഡ്രം എന്ന അപൂര്‍വ രോഗം പിടിപെടുകയായിരുന്നു.

അപൂര്‍വ്വ രോഗം പിടിപെട്ടതിന് പിന്നാലെ നിഹാനയ്ക്ക് വെളിച്ചം കാണുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയും കണ്ണുനീര്‍ ഗ്രന്ഥി ഇല്ലാതാവുകയും ചെയ്തു. കണ്ണിന് അടിയന്തരമായി സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിന് ഭീമമായ പണം ആവശ്യമായതോടെയാണ് നിര്‍ദന കുടുംബം റിപ്പോര്‍ട്ടറിനെ സമീപിച്ചത്. തുടര്‍ന്ന് വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞത്. ഡോക്ടര്‍മാരുമായി സംസാരിച്ച് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം മറ്റ് തീരുമാനങ്ങളെടുക്കാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഇടപെട്ടത്. വിഷയം അന്വേഷിക്കാന്‍ ചൈല്‍ഡ് നോഡല്‍ ഓഫീസര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button