മലയാളത്തിന്റെയും സംസ്‌കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നില്‍ തെളിയിച്ചു’; മാതാ അമൃതാനന്ദമയിക്ക് സര്‍ക്കാരിന്റെ ആദരം

കൊല്ലം: ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മാതാ അമൃതാനന്ദമയി ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്തതിന്റെ രജത ജൂബിലി ആഘോഷവേളയില്‍ ആദരവുമായി സംസ്ഥാന സര്‍ക്കാര്‍. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് മാതാ അമൃതാനന്ദമയിയെ ആദരിച്ചത്. ഐക്യരാഷ്ട്രസഭയിലെ പ്രസംഗം ‘അമൃതവര്‍ഷം 72’ വേദിയില്‍ പുനരവതരിപ്പിച്ചപ്പോള്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ ആയിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി.
ലോകമാകെ സേവനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകാശം പരത്തുന്ന മാതാ അമൃതാനന്ദമയി കേരളത്തിലെ സംസ്‌കാരിക മൂല്യങ്ങളാണ് മാതൃഭാഷയിലൂടെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ശക്തി ലോകത്തിനുമുന്നില്‍ തെളിയിക്കാന്‍ മാതാ അമൃതാനന്ദമയിക്ക് കഴിഞ്ഞു. നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് ഇതെന്നും മന്ത്രി പറഞ്ഞു.




