Uncategorized

“ഞാൻ സ്ത്രീകൾക്ക് വേണ്ടി പോരാടിയ ആൾ, സ്ത്രീത്വത്തെ അപമാനിച്ചെന്ന വാദം നിലനിൽക്കില്ല”; ജാമ്യത്തിൽ പ്രതികരിച്ച് ഷാജഹാൻ

എറണാകുളം: സിപിഐഎം നേതാവ് കെ.ജെ. ഷൈനിന് എതിരായ അപവാദ പ്രചാരണക്കേസിൽ താൻ നിരപരാധിയെന്ന് കെ.എം. ഷാജഹാൻ. എറണാകുളം സിജെഎം കോടതി കേസിൽ ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഷാജഹാൻ. സ്ത്രീ പീഡന കേസുകളിൽ ഇരകൾക്ക് വേണ്ടി പോരാടിയിട്ടുള്ള ആളാണ് താനെന്ന് ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന വാദം ഒരിടത്തും നിലനിൽക്കില്ല. അടിസ്ഥാനമില്ലാത്ത വകുപ്പുകളാണ് ചുമത്തിയതെന്ന് തെളിഞ്ഞു കഴിഞ്ഞു. ഭീഷണിപ്പെടുത്തി വീഴ്ത്താൻ കഴിയില്ല. വസ്തുനിഷ്ഠം ആയിട്ടുള്ള തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കാര്യങ്ങൾ ചെയ്തിട്ടുള്ളൂ. എൻറെ വാദങ്ങൾ അംഗീകരിച്ചതിൽ സന്തോഷമെന്നും ഷാജഹാൻ കൂട്ടിച്ചേർത്തു.

അന്വേഷണവുമായി സഹകരിക്കണം, തെളിവ് നശിപ്പിക്കരുത്, സമാനമായ കുറ്റകൃത്യം ആവർത്തിക്കരുത്, 25,000 രൂപ ബൗണ്ടും രണ്ടു പേർ ആൾ ജാമ്യവും എന്നീ ഉപാധികളോടെയാണ് ഷാജഹാന് കോടതി ജാമ്യം അനുവദിച്ചത്. ഷാജഹാനെ അറസ്റ്റ് ചെയ്ത നടപടിയിൽ കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. ഷാജഹനെതിരെ കേസ് എടുത്ത് മൂന്ന് മണിക്കൂർ കൊണ്ട് അറസ്റ്റ് നടത്തി. ചെങ്ങമനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്ത്. മൂന്നു മണിക്കൂർ കൊണ്ട് എങ്ങനെ തിരുവനന്തപുരത്ത് എത്തി. ചെങ്ങമനാട് എസ്ഐക്ക് ആരാണ് അറസ്റ്റ് ചെയ്യാൻ അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. എസ്ഐടി ഉത്തരവ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.

കെ.എം. ഷാജഹാനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗിക ചുവയുള്ള ഏതെങ്കിലും വാക്ക് കാണിച്ചു തരാമോ എന്നും കോടതി ചോദിച്ചു. അതേസമയം പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തതെന്ന് ചെങ്ങമനാട് പൊലീസ് കോടതിയില്‍ അറിയിച്ചു. കെ.എം. ഷാജഹാന്‍ തുടര്‍ച്ചയായി അധിക്ഷേപ വീഡിയോകള്‍ ചെയ്തുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ എസ്ഐടി ഉത്തരവ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വീട്ടില്‍ നിന്നുമാണ് കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തത്. റൂറല്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.എം. ഷാജഹാന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button