കസ്തൂരിരംഗംൻ റിപ്പോർട്ട് വിരുദ്ധ സമരം; കേസ് നടത്താൻ ചെലവായതിന്റെ ബാക്കി തുക ജനങ്ങൾക്ക് തിരിച്ചു നൽകുമെന്ന് കൊട്ടിയൂർ സംരക്ഷണ സമിതി

കൊട്ടിയൂർ:കസ്തൂരി രംഗൻ റിപ്പോർട്ട് വിരുദ്ധ സമരങ്ങളുടെ പേരിൽ ഉണ്ടായ പൊലീസ് കേസുകൾ തീർന്ന സാഹചര്യത്തിൽ കേസ് നടത്താൻ ജനങ്ങൾ നൽകിയ സംഖ്യയിൽ ബാക്കിയുള്ളത് തിരിച്ചു നൽകുമെന്ന് കൊട്ടിയൂർ സംരക്ഷണ സമിതി പ്രഖ്യാപിച്ചു. കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് 2013 ൽ കൊട്ടിയൂരിലുണ്ടായ സംഭവങ്ങളെ തുടർന്ന് പൊലീസ് രജിസ്‌റ്റർ ചെയ്തിരുന്ന 12 കേസുകളും അവസാനിച്ചു. അവസാനത്തെ കേസ് ജൂലൈയിൽ വാദം പൂർത്തിയാക്കിയിരുന്നു. കേസുകൾ എല്ലാം അവസാനിച്ച സാഹചര്യത്തിലാണ് നടത്തിപ്പിനായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത തുകയിൽ അവശേഷിക്കുന്ന സംഖ്യ ആനുപാതികമായി തിരികെ നൽകാൻ കൊട്ടിയൂർ സംരക്ഷണ സമിതി തീരുമാനിച്ചത് 9. 25 ലക്ഷം രൂപയാണ് അക്കൗണ്ടിൽ ഇപ്പോൾ ബാക്കിയുള്ളത്. സമിതി ഭാരവാഹികൾ കേസുമായി ബന്ധപ്പെട്ട് കോടതികളിൽ കെട്ടി വച്ച 14.5 ലക്ഷം രൂപയോളം തിരികെ ലഭിക്കാനുണ്ട്. ചെലവുകൾ കുറവു ചെയ്‌ത ശേഷം ബാക്കി തുകയാണ് ആനുപാതികമായി തിരികെ നൽകുക. കസ്‌തൂരി രംഗൻ റിപ്പോർട്ടിന് എതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ രൂപീകരിച്ച കൊട്ടിയൂർ സംരക്ഷണ സമിതിയാണ് പണം സ്വരൂപിച്ച് കേസുകൾ നടത്തിയത്. ഒക്ടോബർ 2 ന് കേസുകളിൽ ഉൾപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്ത ശേഷം തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്ന് സംരക്ഷണ സമിതി കൺവീനർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, കൊട്ടിയൂർ സംരക്ഷണ സമിതി ചെയർമാൻ ഫാ. തോമസ് മണക്കുന്നേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ. വൈസ് ചെയർമാൻ പി.തങ്കപ്പൻ, സെക്രട്ടറി ജിൽസ് എം മേയ്ക്കൽ എന്നിവർ അറിയിച്ചു.




