ഓപ്പറേഷൻ നുംഖോർ:ഇൻഫ്ലുവൻസർ ശിൽപയുടെ ലാൻഡ് ക്രൂസർ കസ്റ്റംസ് പിടിച്ചെടുത്തു

ഇടുക്കി: ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ഇടുക്കിയിൽ നടന്ന പരിശോധനയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശിൽപ സുരേന്ദ്രൻ്റെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. ലാൻഡ് ക്രൂസർ കാറാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം സ്വദേശിയായ ശിൽപയുടെ വാഹനം ഇടുക്കി അടിമാലിയിലെ ഗാരിജിൽ നിന്നാണ് പിടികൂടിയത്. 2023 ൽ തിരൂർ സ്വദേശിയിൽ 15 ലക്ഷം രൂപ നൽകിയാണ് വാഹനം സ്വന്തമാക്കിയതെന്നും ഭൂട്ടാന്‍ വാഹനം ആയിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ശിൽപ പറഞ്ഞു. വാഹനത്തിന് തനിക്ക് മുന്നേ അഞ്ച് ഉടമസ്ഥർ ഉണ്ടായിരുന്നുവെന്നും ശിൽപ പ്രതികരിച്ചു.
അതേസമയം ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം നടന്‍ പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനങ്ങള്‍ കണ്ടെത്താനാണ് കസ്റ്റംസിന്റെ ശ്രമം.
ഇന്നലെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.



