സമദൂരമോ ശരിദൂരമോ എന്നറിയില്ല, ശബരിമലയുമായി ബന്ധപ്പെട്ട എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹം: വെള്ളാപ്പള്ളി നടേശന്‍

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടേത് ശരിയായ നിലപാടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരിനെ എന്‍എസ്എസ് എല്ലാ കാര്യത്തിലും എതിര്‍ത്തതായി കരുതുന്നില്ലെന്നും വിഷയാധിഷ്ഠിത നിലപാടാണ് എസ്എന്‍ഡിഡി ഉള്‍പ്പെടെയുള്ള സംഘടനകള്‍ എടുക്കാറുള്ളതെന്നും കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു
ആചാരങ്ങള്‍ മാനിക്കാതെ സ്ത്രീപ്രവേശനവുമായി മുന്നോട്ടുപോയപ്പോള്‍ എന്‍എസ്എസ് സര്‍ക്കാരിനെ എതിര്‍ത്തെന്നും ഇതേ വിഷയത്തില്‍ എന്‍എസ്എസിന് ദേവസ്വത്തില്‍ നിന്ന് ഒരുറപ്പ് കിട്ടിയ പശ്ചാത്തലത്തില്‍ അവര്‍ ഇപ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ സ്ത്രീ പ്രവേശനത്തിനായുള്ള സമ്മര്‍ദം കാണുന്നില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസ് നിലപാട് സമദൂരമാണോ ശരിദൂരമാണോ എന്നൊന്നും തനിക്കറിയില്ല. തന്റെ നിലപാടിലേക്ക് സുകുമാരന്‍ നായരും എത്തിയോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ തീരുമാനിക്കൂ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി




