‘സ്റ്റേഡിയം കണ്ടുബോധ്യപ്പെട്ടു, പൂർണ്ണ സംതൃപ്തൻ’; അർജന്റീന മാനേജരുടെ സന്ദർശനത്തിൽ വി അബ്ദുറഹിമാൻ

കൊച്ചി: കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്തി അർജന്റീന ടീം മാനേജർ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര. സന്ദർശനത്തിൽ അദ്ദേഹം പൂർണ്ണ സംതൃപ്തനാണെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടത്തുമെന്നും സ്റ്റേഡിയം ഒരു മാസത്തിനകം പൂർണ്ണ സജ്ജമാകുമെന്നും അബ്ദുറഹിമാൻ പറഞ്ഞു. ടിക്കറ്റെടുത്ത് കളി കാണുന്നതിന് പുറമെ എല്ലാ മലയാളി കായിക പ്രേമികൾക്കും മെസ്സിയെയും അർജന്റീന ടീമിനെയും കാണാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി പങ്കുവെച്ചു.
ലോക ചാമ്പ്യന്മാരായ അർജന്റീനയും മെസ്സിയും കേരളത്തിൽ കളിക്കുന്നതിന്റെ ഭാഗമായി സുരക്ഷയും മറ്റ് ക്രമീകരണങ്ങളും വിലയിരുത്താനായാണ് അർജന്റീന മാനേജർ മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചത്. ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. മന്ത്രിക്കൊപ്പം റിപ്പോര്‍ട്ടര്‍ ടിവി എം ഡി ആന്റോ അഗസ്റ്റിനും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലിയും ഗോകുലം ഗോപാലനും ഉണ്ടായിരുന്നു.




