മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മുസ്ലിം ലീഗിന്റെ വീട് നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ടുളള മുസ്ലീം ലീഗിന്റെ വീട് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. ലാന്‍ഡ് ഡെവലപ്മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിര്‍മാണം നടത്തുന്നതെന്ന് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെ ഇന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് സന്ദര്‍ശനം നടത്തി. വാക്കാലാണ് നിര്‍ദേശം നല്‍കിയത്.
നിര്‍മാണം തടസപ്പെടുത്തിയാലും പ്രവര്‍ത്തിയുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞതിനു തൊട്ട് പിന്നാലെയാണ് പ്രവര്‍ത്തി നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയത്.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് ഒരുക്കുന്ന വീടുകളുടെ നിര്‍മാണം ഈ മാസം ആദ്യം ആരംഭിച്ചിരുന്നു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ മുട്ടില്‍-മേപ്പാടി പ്രധാന റോഡരികിലാണ് ലീഗിന്റെ വീട് നിര്‍മാണം. വിലയ്ക്കെടുത്ത 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്.




