ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ അപകടത്തില്‍; വീണ്ടും സുരക്ഷാ മുന്നറിയിപ്പ്

ദില്ലി: ഗൂഗിളിന്‍റെ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് വീണ്ടും ഇന്ത്യയില്‍ സുരക്ഷാ മുന്നറിയിപ്പ്. ക്രോമിലെ സുരക്ഷാ പിഴവ് സംബന്ധിച്ച് സെപ്റ്റംബര്‍ മാസം രണ്ടാം തവണയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-IN) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വിന്‍ഡോസ്, മാക്, ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്.
പ്രശ്‌നം ക്രോമിന്‍റെ ഏതൊക്കെ വേര്‍ഷനുകളില്‍?
അതീവ സുരക്ഷാ പ്രാധാന്യമുള്ള മുന്നറിയിപ്പാണ് ഇന്ത്യയിലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്കായി സെര്‍ട്ട്-ഇന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്‍റെ മുന്നറിയിപ്പ്. ക്രോമിലെ സുരക്ഷാ പിഴവിലൂടെ ഹാക്കര്‍മാര്‍ക്ക് ഡിവൈസുകളിലേക്ക് കടന്നുകയറാനും വ്യക്തി വിവരങ്ങളടക്കം മോഷ്‌ടിക്കാനും കഴിയും. ഇന്ത്യയില്‍ ക്രോം വിന്‍ഡോസിലും മാക്കിലും ലിനക്‌സിലും ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഈ സെര്‍ട്ട്-ഇനിന്‍റെ ഈ സുരക്ഷാ മുന്നറിയിപ്പ് ബാധകമാണ്. ഗൂഗിൾ ക്രോമിൽ ചില ദുർബലതകൾ നിലനിൽക്കുന്നു. ഇത് മുതലാക്കി ഹാക്കര്‍മാര്‍ക്ക് ചൂഷണം ചെയ്യാന്‍ കഴിയുമെന്നും 2025 സെപ്റ്റംബര്‍ 18ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ഈ സുരക്ഷാ പഴുതിനെ കുറിച്ച് ക്രോം അധികൃതരും കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ക്രോമിന്‍റെ ഏതൊക്കെ വേര്‍ഷനുകളാണ് അപകടാവസ്ഥയിലുള്ളത് എന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വ്യക്തമാക്കി. വിന്‍ഡോസിലും മാക്കിലും 140.0.7339.185/.186-ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പുകൾ, ലിനക്‌സില്‍ 140.0.7339.185-ന് മുമ്പുള്ള ക്രോം പതിപ്പുകള്‍ എന്നിവയാണ് അപകടത്തിലായിരിക്കുന്നത്.




