Uncategorized
ആഗോള അയ്യപ്പ സംഗമത്തിന് ബദൽ; സംഘപരിവാറിൻ്റെ ‘ശബരിമല സംരക്ഷണ സംഗമം’ ഇന്ന്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം പന്തളത്ത് ആരംഭിച്ചു. തീർഥപാദാശ്രമം മഠാധിപതി സംപൂജ്യ പ്രജ്ഞാനാനന്ദ തീർഥപാദർ സംഗമം ഉദ്ഘാടനം ചെയ്തു. വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന പൊതുസമ്മേളനം ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും.
ശബരിമല വികസനം മുന്‍നിര്‍ത്തി ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പ സംഗമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ ശബരിമല സംരക്ഷണ സംഗമം പ്രഖ്യാപിച്ചത്. വിശ്വാസം, വികസനം, സംരക്ഷണം എന്നീ മൂന്ന് വിഷയങ്ങളിലാണ് ശബരിമല സംരക്ഷണ സംഗമത്തിൽ സെമിനാറുകൾ നടക്കുന്നത്. തീർഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർഥപാദരാണ് സംഗമം ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയത്തിനതീതമായി ഭക്തർ സംഗമത്തിലേക്ക് എത്തുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് അവകാശപ്പെട്ടു.




