ഇത് കേരളമാണ്, നിങ്ങൾക്ക് മലയാളിയെ മനസിലായിട്ടില്ല; മാധ്യമപ്രവർത്തകയോട് കയർത്ത രാജീവ് ചന്ദ്രശേഖറിന് വിമർശനം

തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ക്ഷുഭിതയായി സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാപക വിമർശനം. മാധ്യമപ്രവർത്തകയെ ‘നീ’ എന്ന് വിളിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ മന്ത്രി വി ശിവൻകുട്ടി രംഗത്തുവന്നു. ‘നീ’ പോലും.. ചോദ്യങ്ങൾ ചോദിക്കുകതന്നെ ചെയ്യും’ എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
ആയിരക്കണക്കിന് ‘നീ’കൾ ഇനിയും വിരൽ ചൂണ്ടി ചോദ്യങ്ങളുയർത്തുമെന്നാണ് എ എ റഹീം എംപിയുടെ പ്രതികരണം. തങ്ങൾ മലയാളികൾ ചോദ്യങ്ങൾ ചോദിച്ചു വളർന്നവരാണ്. താങ്കൾക്ക് പരിചയമുള്ള നാട്ടിലെല്ലാം നാവടക്കുന്നവരെ ‘ജി’ യും ‘ജയ്’ യും വിളിച്ചു പേടിച്ചു ദാസ്യം കാണിക്കുന്ന അടിമ മനുഷ്യരെ മാത്രം പരിചയപ്പെട്ടതിന്റെ പ്രശ്‌നമാണ്. ഇത് കേരളമാണ്. നിങ്ങൾക്ക് മലയാളിയെ മനസ്സിലായിട്ടില്ലെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.




