തമിഴ്‌നാട്ടിൽ നിന്നുമാത്രം 1545 പേർ; ആകെ പങ്കെടുത്തത് 4126 പേർ;അയ്യപ്പ സംഗമം ഫ്‌ളോപ്പെന്ന പ്രചാരണത്തിന് മറുപടി

പമ്പ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഫ്ളോപ്പാണെന്ന കുപ്രചാരണങ്ങൾക്ക് മറുപടി. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കാളിത്തം കുറവാണെന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതിന് മറുപടിയുമായാണ് ദേവസ്വം മന്ത്രി വി എൻ വാസവൻ രംഗത്തെത്തിയത്. ചടങ്ങിൽ പങ്കെടുത്ത ആളുകളുടെ കണക്ക് സഹിതമാണ് മന്ത്രി കുപ്രചാരണങ്ങളെ പൊളിച്ചത്. ആഗോള അയ്യപ്പ സംഗമത്തിൽ 4126 പേർ പങ്കെടുത്തതായി മന്ത്രി വിശദീകരിച്ചു.
സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ പങ്കാളിത്തം കൊണ്ട് സംഗമം വലിയ വിജയമായെന്ന് മന്ത്രി പറഞ്ഞു. വിദേശത്തുനിന്നടക്കം 3000 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നത്. ഇവർക്കെല്ലാം ഇരിക്കാനാകും വിധമുള്ള മികച്ച സൗകര്യത്തോടെയായിരുന്നു വേദിയടക്കം സജ്ജമാക്കിയിരുന്നത്. എന്നാൽ രജിസ്‌ട്രേഷൻ തന്നെ അയ്യായിരത്തിനടുത്തെത്തിയെന്ന് മന്ത്രി വ്യക്തമാക്കി.




