അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി; പിന്നാലെ അദാനി ഓഹരികൾക്ക് വൻ മുന്നേറ്റം

യുഎസ് ഷോര്‍ട് സെല്ലറായ ഹിൻഡൻബർഗ് നടത്തിയ ആരോപണങ്ങളിൽ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ ക്ലീന്‍ ചിറ്റ്.
സാമ്പത്തിക തട്ടിപ്പ്, ഓഹരി വിലയിലെ കൃത്രിമം അടക്കം ഗുരതരമായ ആരോപണങ്ങളായിരുന്നു ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ചത്. എന്നാൽ ഹിന്‍ഡന്‍ബെര്‍ഗ് ആരോപണങ്ങൾ പോലെ അദാനി ഗ്രൂപ്പ് നിയമലംഘനം നടത്തിയതിനോ, പണം ദുരുപയോഗം ചെയ്തതിനോ, വ്യാജ രേഖകള്‍ ചമച്ചതിനോ തെളിവുകൾ ഇല്ലെന്ന് സെബിയുടെ അന്തിമ ഉത്തരവിൽ പറയുന്നു. 2023 ജനുവരിയിലായിരുന്നു ആരോപണങ്ങൾ പുറത്തുവിടുന്നത്.
എന്നാൽ സെബിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ കുതിപ്പാണുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ഓഹരികള്‍ 13 ശതമാനംവരെ നേട്ടം കൊയ്തു. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില 13 ശതമാനമാണുയർന്നത് . അദാനി പവറാകട്ടെ ഒമ്പത് ശതമാനം നേട്ടത്തില്‍ 686 രൂപയിലും അദാനി എന്റര്‍പ്രൈസസ് അഞ്ച് ശതമാനം ഉയര്‍ന്ന് 2,529 നിലവാരത്തിലുമാണ് വ്യാപാരം നടന്നത്. അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വിലയാകട്ടെ അഞ്ച് ശതമാനം നേട്ടത്തില്‍ 1,032 രൂപയും അദാനി പോര്‍ട്‌സ് മൂന്ന് ശതമാനവും നേട്ടമുണ്ടാക്കി.




