പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട, സൗകര്യമൊരുക്കേണ്ടത് ദേശീയപാത അതോറിറ്റി; ഉത്തരവ് പരിഷ്‌കരിച്ച് ഹൈക്കോടതി

കൊച്ചി: ദേശീയ പാതകളിലെ എല്ലാ പെട്രോള്‍ പമ്പുകളിലെയും ശുചിമുറികള്‍ 24 മണിക്കൂറും യാത്രികര്‍ക്കായി തുറന്നിടണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ച് ഹൈക്കോടതി. ദേശീയ പാതകളിലെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ മാത്രം ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയാല്‍ മതിയെന്നും അല്ലാത്ത സമയങ്ങളില്‍ ബാധകമല്ലെന്നുമാണ് പരിഷ്‌കരിച്ച ഉത്തരവ്. ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പരിഷ്‌കരിച്ചത്.
പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശുചിമുറികളാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ അഞ്ചോളം പമ്പുടമകള്‍ രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുശുചിമുറികളാക്കേണ്ടതില്ലെന്ന് ആദ്യം സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.




