ഫോട്ടോയും പേരും വെച്ച് അപമാനിക്കാൻ ശ്രമം, തെളിവ് സഹിതം മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകി ഷൈൻ ടീച്ചർ

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകുമെന്ന് സിപിഎം നേതാവും അധ്യാപികയുമായ കെ ജെ ഷൈൻ ടീച്ചർ. തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം നടക്കുന്നതായി കെ ജെ ഷൈൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന വനിതാ കമ്മീഷനും തെളിവുകൾ സഹിതം പരാതി നൽകുമെന്നും സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയാറാവണമെന്നും കെ ജെ ഷൈൻ പറഞ്ഞു.
എന്നെക്കുറിച്ചും എന്‍റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവര്‍ത്തകരെയും ഒക്കെയാണ്. രാഷ്ട്രീയവും വ്യക്തിപരവുമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചരണം നടക്കുന്നതെന്ന് കെ ജെ ഷൈൻ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും. പൊതു പ്രവർത്തക എന്ന നിലയിൽ കോളേജ് കാലഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ഞാൻ. കേരള സമൂഹം എന്നെ കൂടുതലായി അറിയാൻ തുടങ്ങിയത് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുതലാണ്. രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അദ്ധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ചും എൻ്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.




