Uncategorized

കേരള യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന കേരള യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സമ്പദ്വ്യവസ്ഥയിലെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള സമ്മേളനത്തില്‍ 500 – ലധികം പ്രതിനിധികളാണ് പങ്കെടുക്കുക.

‘ബ്ലൂ ടൈഡ്‌സ് – രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്’ എന്ന പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും യൂറോപ്യന്‍ യൂണിയന്റെയും സഹകരണത്തോടെയാണ് സംസ്ഥാന ഫിഷറീസ് വകുപ്പ് ദ്വിദിന കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും മത്സ്യമേഖലയിലെയും തീരദേശ സമ്പദ് വ്യവസ്ഥയിലെയും പങ്കാളിത്തവുമാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം.

കോണ്‍ക്ലേവിന്റെ ഭാഗമായി അംബാസഡര്‍മാരും പ്രതിനിധികളും കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥരും കോവളം ഹവ്വാ ബീച്ചിലെ പരമ്പരാഗത മത്സ്യബന്ധന കേന്ദ്രം, വിഴിഞ്ഞം തുറമുഖം, ക്രാഫ്റ്റ്സ് വില്ലേജ് എന്നിവ സന്ദര്‍ശിക്കും. ശേഷം കേരളത്തിന്റെ തീര, മത്സ്യ മേഖലയുടെ സാധ്യതകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പ് പ്രതിനിധികള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.’രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്’ എന്ന പ്രമേയത്തില്‍ കോവളത്ത് നടക്കുന്ന സമ്മേളനം വെള്ളിയാ‍ഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. കേന്ദ്ര-സംസ്ഥാനമന്ത്രിമാരും ചടങ്ങിന് എത്തും. ആറ് പാനല്‍ സെഷനുകള്‍ ഉള്ള കോണ്‍ക്ലേവില്‍ 500 -ലധികം പ്രതിനിധികളാണ് പങ്കെടുക്കുക. ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, പോളണ്ട്, ഇറ്റലി തുടങ്ങി 17 യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തിന് എത്തും. നീല സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ധര്‍ ആശയങ്ങള്‍ പങ്കുവെക്കുകയും പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യും. മറൈന്‍ ലോജിസ്റ്റിക്സ്, അക്വാകള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തവും സമ്മേളനം ചര്‍ച്ച ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button