വിമാനത്താവളത്തിലേതിന് സമാനമായ സൗകര്യങ്ങൾ; കൊല്ലം റെയിൽവേ സ്റ്റേഷനിൽ വമ്പൻ മാറ്റങ്ങൾ വരുന്നു

കൊല്ലം റെയിൽവേ സ്റ്റേഷൻ എയർപോർട്ട് മാതൃകയിലേക്ക് മാറുകയാണ്. അതിനുള്ള വികസനങ്ങൾ തകൃതിയായി നടക്കുകയാണ്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വരാനിരിക്കുന്ന പ്രധാന ആകർഷണങ്ങളിൽ ഒന്നായ എയർകോൺകോഴ്സിന്റെ പണി മൂന്ന് മാസത്തിനകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. എയർ കോൺകോഴ്സ് നിർമ്മാണം വേഗത്തിലാക്കാൻ രാത്രിയും പുലർച്ചെയും ഒന്നര മണിക്കൂർ വീതം റെയിൽവേ സ്റ്റേഷനിൽ ഗതാഗത നിയന്ത്രണം നടത്തുന്നതിന് റെയിൽവേ അനുമതി നൽകിയിട്ടുണ്ട്. പതിനഞ്ച് കോടി രൂപയാണ് വികസനത്തിന്റെ നിർമാണ ചെലവായി കണക്കാക്കുന്നത്.
എയർ കോൺകോഴ്സിന്റെ അടിസ്ഥാനത്തിന്റെ നിർമ്മാണമാണ് നിലവിൽ പൂർത്തിയായിരിക്കുന്നത്. വൈകാതെ തന്നെ എയർകോൺകോഴ്സ് ആരംഭിക്കുന്ന ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ തൂണിന്റെ പണി തുടങ്ങും. മറ്റ് പ്ലാറ്റ്ഫോമുകളിലും തൂണുകളുടെ പണി പൂർത്തിയാകുന്നതിന് പിന്നാലെ കുറുകെയുള്ള ബീമുകൾ, കോർബെൽ തുടങ്ങിയവയുടെ പണി ആരംഭിക്കും. ഇവയ്ക്ക് മുകളിൽ സ്ഥാപിക്കുന്ന എയർകോൺകോഴ്സിന്റെ സൂപ്പർ സ്ട്രക്ചറിന്റെ നിർമ്മാണം ജയ്പൂരിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ രണ്ട് ടെർമിനലുകളെയും ബന്ധിപ്പിച്ചാണ് എയർകോൺകോഴ്സ് നിർമ്മിക്കുന്നത്.
എയർപോർട്ട് മാതൃകയിലാകുന്ന റെയിൽവേ സ്റ്റേഷനിൽ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെന്ന് നോകാം:
എയർ കോൺകോഴ്സിൽ എയർ കണ്ടിഷൻ സംവിധാനം
എ.ടി.എം, വിശ്രമകേന്ദ്രം, ഫുഡ്കോർട്ട്, ടോയ്‌ലെറ്റ്
യാത്രക്കാർക്ക് വിശ്രമിക്കാനും സമയം ചെലവിടാനും പ്രത്യേക വിശ്രമ കേന്ദ്രം
യാത്രക്കാർക്ക് പ്രവേശിക്കുന്നതിന് പ്രത്യേകം എസ്‌കലേറ്ററുകളും ലിഫ്ടുകളും
യാത്ര കഴിഞ്ഞ് മടങ്ങുന്നവർക്കും യാത്രയ്ക്ക് എത്തുന്നവർക്കും പ്രത്യേകം എൻട്രികൾ
സ്റ്റീലിൽ സൂപ്പർ സ്ട്രക്ചർ
പുറമേ ഗ്ലാസ്




