കസ്റ്റഡി മര്‍ദന പരാതികള്‍ പെരുകുന്നു; പൊലീസിനെതിരെ വ്യാപക പരാതി; ആഭ്യന്തരവകുപ്പ് മൗനത്തില്‍

നിലവില്‍ പൊലീസാണ് കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം. പൊലീസ് ഉദ്യോഗസ്ഥരുടെ കാടത്തവും കൊടുംക്രൂരതയും വിവരിച്ചുകൊണ്ടുള്ള നിരവധി പരാതികളാണ് ഉയരുന്നത്. കുന്നംകുളവും പീച്ചിയും കോന്നിയും തുടങ്ങി പരാതികളുടെ പ്രളയം ഉണ്ടാകുമ്പോഴും ആഭ്യന്തവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പൊലീസിനെതിരെയുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നുമാണ് ഡിജിപി റവാഡ ചന്ദ്രശേഖരന്റെ പ്രതികരണം. കസ്റ്റഡി മര്‍ദനങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് ഡിജിപി പറയുന്നത്. എന്നാല്‍ വിഷയത്തില്‍ ആഭ്യന്തവകുപ്പ് ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ നിരുപാധികം പിരിച്ചുവിടണമെന്നാണ് ഉയരുന്ന ആവശ്യം.
കുന്നംകുളം മര്‍ദനത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രദേശിക നേതൃത്വം നടത്തിയ നിയമപോരാട്ടമാണ് വിജയം കണ്ടത്. ഇതോടെയാണ് പീച്ചിയിലും കോന്നിയിലും നടന്ന കസ്റ്റഡി മര്‍ദനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പീച്ചി എസ്ഐ ആയിരുന്ന രതീഷിനെതിരെ റസ്റ്റോറന്റ് നടത്തിപ്പുകാരനായ പട്ടിക്കാട് സ്വദേശി ഔസേപ്പാണ് പരാതി നല്‍കിയിരുന്നത്. വ്യാജ പരാതിയില്‍ ഔസേപ്പിനെ സ്റ്റേഷനില്‍ വച്ച് മര്‍ദിക്കുകയും മകനെ പോക്സോ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ വാങ്ങിച്ചുവെന്നുമായിരുന്നു പരാതി. രതീഷ് നിലവില്‍ എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ സിഐ ആണ്. രതീഷിനെതിരെ മറ്റൊരു പരാതികൂടി വന്നതോടെ നടപടിയെടുക്കാതിരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പ്. കള്ളക്കേസില്‍ കുടിക്കി മര്‍ദിച്ചെന്നും ഭാര്യയോട് മോശമായി പെരുമാറിയെന്നുമാണ് രണ്ടാമത്തെ പരാതി. മണ്ണുത്തി എസ്ഐ ആയിരിക്കെ വില്ലേജ് ഓഫീസ് ജീവനക്കാരനായിരുന്ന അസറിനെ മര്‍ദിക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ട അസര്‍ നിയമപോരാട്ടത്തിലൂടെയാണ് ജോലി തിരികെ നേടിയത്.




