ജയ്ഹിന്ദ് ടി വി ന്യൂസ് ഇൻ ചാർജ് മാത്യു സി ആർ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും ജയ്ഹിന്ദ് ടി വി സീനിയർ ന്യൂസ് എഡിറ്ററും ന്യൂസ് ഇൻ ചാർജുമായ മാത്യു സി ആർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ഹൃദയാഘാതത്തെ ത്തുടർന്നായിരുന്നു അന്ത്യം. 53 വയസായിരുന്നു.
മറ്റന്നാൾ സംസ്ക്‌കാര ചടങ്ങുകൾ നടക്കും. 11 മണിയോടെ പാറ്റൂർ പള്ളിയിലാകും ചടങ്ങുകൾ നടക്കുക. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് 2 മണിയോടെ ജയ്ഹിന്ദ് ടിവിയിൽ കൊണ്ടുവരും.
സഹപ്രവർത്തകർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ലഭിക്കും. ശേഷം തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് കൊണ്ടുപോകും. പിന്നീട് മുളവനയിലെ വീട്ടിലേക്ക്.
എ.സി.വി.യിലൂടെയാണ് മാധ്യമരംഗത്തേക്ക് മാത്യു സി.ആർ കടന്നുവന്നത്. പിന്നീട് സൂര്യ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായി. പത്രപ്രവർത്തക യൂണിയന്റെ സംഘടനാ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. മാധ്യമലോകത്ത് ശ്രദ്ധേയമായ റിപ്പോർട്ടുകളിലൂടെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മാത്യു സി.ആറിൻ്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് മാധ്യമലോകം. അദ്ദേഹത്തിന്റെ വിയോഗം ജയ്ഹിന്ദ് ടിവിയ്ക്കും മാധ്യമലോകത്തിനും തീരാ നഷ്ടമാണ്.




