ധര്‍മസ്ഥല കേസ്: മനാഫ് ഇന്ന് എസ്ഐടിക്ക് മുമ്പില്‍ ഹാജരാകും; ‘വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുന്നു’

കോഴിക്കോട്: ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍ കേസില്‍ നോട്ടീസ് ലഭിച്ച മലയാളി യൂട്യൂബര്‍ മനാഫ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മനാഫിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഓണവും നബിദിനവുമായതിനാല് രണ്ട് ദിവസത്തിന് ശേഷം ഹാജരാകാനുള്ള അനുമതി മനാഫ് തേടുകയായിരുന്നു.
ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മനാഫ് പറഞ്ഞു. ഈ ആവശ്യവുമായി കമ്മീഷണറെ കണ്ടിരുന്നുവെന്നും കേരള പൊലീസിന്റെ സംരക്ഷണയിലാകും എസ്ഐടിക്ക് മുമ്പില്‍ ഹാജരാകുന്നതെന്നും മനാഫ് വ്യക്തമാക്കി. മതസ്പര്‍ധ ആരോപിച്ചാണ് ഉഡുപ്പി പൊലീസ് കേസെടുത്തതെന്നും എന്നാല്‍ താന്‍ ഇതുവരെ നടത്തിയ വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മനാഫ് പറഞ്ഞു. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുമെന്നും കൈവശമുള്ള തെളിവുകള്‍ എസ്ഐടിക്ക് സമര്‍പ്പിക്കുമെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.




