Uncategorized

നടിയുടെ പരാതി: സനൽകുമാർ ശശിധരനെ ഇന്ന് മുംബൈയിൽ എത്തി കസ്‌റ്റഡിയിലെടുക്കും

സംവിധായകൻ സനൽകുമാർ ശശിധരനെ കൊച്ചി എളമക്കര പോലീസ് ഇന്ന് മുംബൈയിൽ എത്തി കസ്‌റ്റഡിയിലെടുക്കും. പ്രമുഖ നടി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കേരള പൊലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിനെ തുടർന്ന് ഇന്നലെ സനൽകുമാറിനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന്‌ കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ അറിയിച്ചിരുന്നു.

നടിയുടെ പരാതിയിൽ പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എളമക്കര പൊലീസ് സനൽകുമാർ ശശിധരനെതിരെ ജനുവരിയിൽ കേസെടുത്തിരുന്നു. എന്നാൽ സനൽ കുമാർ അമേരിക്കയിലായിരുന്നതിനാൽ ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ്‌ പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ തുടർനടപടിയായാണ് വിമാനത്താവളത്തിൽ തടഞ്ഞത്.

നടിയെ പരാമർശിച്ചും ടാഗ്‌ ചെയ്തും സനൽകുമാർ ഒട്ടേറെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. നടിയെ അപകീർത്തിപ്പെടുത്തുന്ന തരം പോസ്റ്റുകൾ ഫെയ്സ്‌ബുക്കിൽ നിന്നു നീക്കാൻ പൊലീസ് നടപടിയെടുത്തിരുന്നു. മുൻപു സനലിനെതിരെ നൽകിയ പരാതിയിൽ കേസ് നിലനിൽക്കെ, വീണ്ടും പിന്തുടർന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പൊലീസിനെ സമീപിച്ചത്. 2022ൽ സനൽകുമാറിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും കോടതിയിൽനിന്നു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button